ആപ്പിള്‍ കാലം കഴിഞ്ഞു; കാന്തല്ലൂരില്‍ ഇപ്പോള്‍ പോയാല്‍ പ്ലം പറിക്കാം

വേനല്‍ മഴ അധികം പെയ്യാത്തതിനാല്‍ ഇത്തവണ കാന്തല്ലൂരിലെ പ്ലം കൃഷിക്ക് നല്ല വിളവ്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിപണിയായതിനാല്‍ നല്ല വിലയും കിട്ടുന്നുണ്ട്. ഗുഹനാഥപുരം പെരുമല, പുത്തൂര്‍, കീഴാന്തൂര്‍ ഗ്രാമങ്ങളിലാണ് പ്ലം കൃഷി കൂടുതല്‍. പൂവിടുന്ന സമയത്ത് മഴ പെയ്താല്‍ വിള കുറയും. ഇത്തവണ വേനല്‍മഴ പെയ്തില്ല. ആവശ്യത്തിന് തണുപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ഗുണം കിട്ടിയത് പ്ലം കൃഷിക്കാണ്. പൂവെല്ലാം കായായി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവ് കിട്ടി.
സാധാരണ മേയ് തുടങ്ങുമ്പോഴാണ് പ്ലം പാകമാകുന്നത്. ഇത്തവണ ജൂണ്‍ ആദ്യമാണ് വിളവെടുപ്പ് തുടങ്ങിയത്. ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്‌ളമ്മാണ് കാന്തല്ലൂരില്‍ പരമ്പരാഗതമായി കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ ഒരു തവണമാത്രമേ പ്ലം പഴങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഒരു കിലോയ്ക്ക് 150 രൂപയാണ് കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നത്. മറയൂരിലെത്തുന്ന വിനോദ സഞ്ചാരികള്‍ തോട്ടത്തില്‍നിന്ന് 200 മുതല്‍ 225 രൂപവരെ നല്കി വാങ്ങാറുള്ളത് കര്‍ഷകന് സഹായകരമാണ്. 10 മുതല്‍ 15 അടിവരെ ഉയരത്തില്‍ വളരുന്ന മരത്തില്‍നിന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ അന്‍പതുമുതല്‍ എഴുപത് കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കും.
30 ഗ്രാംമുതല്‍ അന്‍പത് ഗ്രാംവരെയാണ് ഓരോ പ്ലം പഴങ്ങളുടെയും ശരാശരി തൂക്കം. കേരളത്തില്‍ ഇവ വ്യാപകമായി കൃഷി ചെയ്യുന്ന ഒരേയൊരിടം കാന്തല്ലൂരിലെ ഗ്രാമങ്ങളിലാണ്. കോളോണിയല്‍ ഭരണകാലത്ത് ഹൈറേഞ്ചില്‍ തേയിലത്തോട്ടങ്ങള്‍ നിര്‍മിക്കാനെത്തിയ യൂറോപ്യന്മാരാണ് പ്‌ളം കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ചതെന്ന് കരുതുന്നു.
കേരളത്തിന്റെ ആപ്പിള്‍ പ്ലം, താഴ്‌വര
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാം. ശാന്തമായ കാലാവസ്ഥയാലും മനോഹരമായ പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിലെ ആപ്പിളും പ്ലമ്മും വളരെ പ്രശസ്തമാണ്. ആപ്പിള്‍, പ്ലം താഴ്വരയിലൂടെ നടക്കാനും ഇവ നേരിട്ട് പറിക്കാനും നിരവധി പേര്‍ ഇവിടെയെത്താറുണ്ട്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാവാറുള്ളത്. ഡിസംബര്‍ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിള്‍ പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍.
പേരക്ക, മാതളനാരങ്ങ, സ്ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്. പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് കാന്തല്ലൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. സമീപത്ത് തന്നെയുള്ള ആനമുടിച്ചോല ദേശീയ ഉദ്യാനവും മനോഹരമാണ്. മൂന്നാറും വട്ടവടയുമെല്ലാമാണ് സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
Content Highlights: plum harvesting begins in Kanthalloor