മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ നഗരം ഇന്ത്യയിലാണ്

പാലിത്താന | Photo: Canva
പാലിത്താന | Photo: Canva

മാംസഭക്ഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ നഗരമാണ് ഗുജറാത്തിലെ പാലിത്താന. ഇവിടെ മാംസത്തിന്റെ വില്‍പ്പനയും ഉപഭോഗവും, മാംസത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ജൈനതീര്‍ഥാടന ഗ്രാമമായ പാലിത്താനയില്‍ ജൈന വിശ്വാസികളുടെ ആവശ്യപ്രകാരമാണ് മാംസാഹാര നിരോധനം നടപ്പിലാക്കിയത്. 

നഗരത്തിലെ 250ഓളം ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജൈന സന്യാസികള്‍ നിരന്തരം നടത്തിവന്ന പ്രതിഷേധത്തെ തൂടര്‍ന്നാണ് നിരോധനമുണ്ടാത്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകരും സഞ്ചാരികളും എത്തുന്ന സ്ഥലമാണിത്. 

ഒരു കുന്നിന്‍ മുകളില്‍ 900 ക്ഷേത്രങ്ങള്‍

900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍മുകളില്‍... അതാണ് ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടന ഗ്രാമമായ പാലിത്താന. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലിത്താനയില്‍ ആകെ മൂവായിരത്തോളം ക്ഷേത്രങ്ങളാണുള്ളത്.

ലോകത്തില്‍ നിയമപരമായി വെജിറ്റേറിയന്‍ ഗ്രാമമെന്ന പ്രശസ്തിയും ഈ ഗ്രാമത്തിന് സ്വന്തമാണ്. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രധാനക്ഷേത്രം ആദ്യ തീര്‍ത്ഥങ്കരനായ ആദിനാഥിനാണ് (ഋഷഭദേവ്) സമര്‍പ്പിച്ചിരിക്കുന്നത്.

ജൈനക്ഷേത്രങ്ങള്‍ മാത്രമല്ല, ഇസ്ലാം മതവിശ്വാസികളുടെ ദര്‍ഗയും ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി കാണാം. താഴെനിന്ന് മലയുടെ മുകള്‍ വരെ ഏകദേശം 3800 പടികള്‍ കയറിവേണം എത്താന്‍. മലമുകളിലേക്ക് ജൈനവിശ്വാസികളെക്കൂടാതെ ഹിന്ദുക്കളും മുസ്ലിങ്ങളും എത്താറുണ്ട്.

മല കയറുന്നവരുടെ ശ്രദ്ധയ്ക്ക്

വെറുതെയങ്ങ് പോയി മല കയറാന്‍ കഴിയില്ല. അതിപവിത്രമായി ജൈനര്‍ കണക്കാക്കുന്ന ഇവിടെ ചില നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. മല കയറുമ്പോള്‍ ഭക്ഷണം കരുതാന്‍ പാടില്ല. നേരം ഇരുട്ടുന്നതിന് മുന്‍പേ പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങിയിരിക്കണം. രാത്രികാലങ്ങളില്‍ മലമുകളില്‍ ആരെയും കാണാന്‍പാടില്ല.

Content Highlights: palitana first city in the world to ban non-vegetarian food