നട്ടുച്ചനേരത്തും കോരിത്തരിപ്പിക്കുന്ന തണുപ്പ്; ഹിറ്റായി മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം

ഇടുക്കി, മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. ചുട്ടുപൊള്ളുന്ന വെയിലില്‍ മതിവരുവോളം തണുത്ത വെള്ളത്തിലുള്ള നീരാട്ടിനായാണ് സഞ്ചാരികള്‍ കൂടുതലായി മുപ്പത്തിമൂന്നിലെത്തുന്നത്.
വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളില്‍നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും വേനല്‍ക്കാലമായാല്‍ പിന്നെ സഞ്ചാരികളുടെ തിരക്കാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്റെ പ്രത്യേകത.
കാട്ടുചോലയായി തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് നട്ടുച്ചനേരത്തും കോരിത്തരിപ്പിക്കുന്ന തണുപ്പുണ്ട്. വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകികൊണ്ടേയിരിക്കും. ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികള്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്.
ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി മാങ്കുളത്തുനിന്നും ആനക്കുളത്തുനിന്നുമെല്ലാം വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രയ്ക്കും സൗകര്യമുണ്ട്. ഗ്രാമീണതയുടെ ഭംഗിക്കും വനത്തിന്റെ പച്ചപ്പിനുമിടയില്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീര്‍ക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.
Content Highlights: muppathi moonu waterfall mankulam kerala