മാധുരി ദീക്ഷിത് തടാകം മുതല്‍ കണ്ണീര്‍ തടാകം വരെ; മോഹിപ്പിക്കും ഈ നോര്‍ത്ത് ഈസ്റ്റ് ജലാശയങ്ങള്‍

ഇന്ത്യയില്‍ മറ്റെവിടെയും കാണാനാകാത്തതും മനോഹരവുമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഹിമാലയന്‍ പര്‍വതങ്ങളും വനങ്ങളും ചുരങ്ങളും കൃഷിഭൂമികളുമൊക്കെയായി സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാറില്ല ഈ സ്വര്‍ഗഭൂമിക. ഇതിലേറ്റവും സവിശേഷമായ ദൃശ്യാനുഭവമാണ് ഈ പ്രദേശങ്ങളിലെ ജലാശയങ്ങള്‍. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗന്ദര്യം കൊണ്ടും വൃത്തികൊണ്ടും സ്ഥിതി ചെയ്യുന്ന ഭൂപ്രകൃതി കൊണ്ടും ഈ തടകാങ്ങളും നദികളും മനുഷ്യര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാകുന്നു. സഞ്ചാരികളുടെ ഹൃദയം കീഴടക്കിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ജലാശയങ്ങള്‍ പരിചയപ്പെടാം.
വടക്കുകിഴക്കന്‍ ഇന്ത്യയുടെ രത്‌നം- ലോക്‌തക് തടാകം
ലോകത്തിലെ ഒരേ ഒരു ഫ്‌ളോട്ടിങ് തടാകം, ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം... വടക്കുകിഴക്കന്‍ ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന മണിപ്പൂരിലെ ലോക്‌തക് തടാകത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്. മണിപ്പൂരിലെ മൊയ്‌റാങിന് സമീപത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മണിപ്പൂരി ജനതയുടെ ജീവിതവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന തടാകമാണിത്. കുടിവെള്ളം, ജലസേചനം വൈദ്യുതി തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ ഈ തടാകത്തെ ആശ്രയിക്കുന്നു. ഇംഫാലില്‍ നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള ലോക്‌തക് തടാകം മണിപ്പൂരില്‍ വിദേശികള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളിലൊന്നാണ്. മുകളില്‍ നിന്ന് നോക്കിയാല്‍ ദ്വീപുകള്‍ പോലെ കാണപ്പെടുന്ന ഫുമുഡീസ് എന്ന സസ്യജാലങ്ങളുടെയും മണ്ണിന്റെയും ശേഖരങ്ങളാണ് ഈ തടാകത്തിന്റെ പ്രത്യകതകളിലൊന്ന്.
കണ്ണീരിന്റെ തടാകം- ഉമിയാം
ഷില്ലോങിന്റെ പര്യായമായി അറിയപ്പെടുന്ന തടാകമാണ് ഉമിയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സഞ്ചാരികള്‍ ഈ തടാകത്തിലെത്തിച്ചേരുന്നു. മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ തടാകമാണിത്. 221സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ തടാകത്തിന്റെ വലുപ്പം. കണ്ണീരിന്റെ തടാകമെന്നും ഇതിന് വിളിപ്പേരുണ്ട്. ഭൂമി കാണാനായി സ്വര്‍ഗത്തില്‍ നിന്നെത്തി കൂട്ടുകാരിയെ നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണീരില്‍ നിന്നാണ് ഈ തടാകമുണ്ടായതെന്ന ഐതിഹ്യത്തില്‍ നിന്നാണ് ഈ പേരുണ്ടായത്. കയാക്കിങ് സ്‌കീയിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഉമിയാം തടാകത്തില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഷില്ലോങ് -ഗുവാഹത്തി ദേശീയപാത 40 വഴിയുള്ള യാത്രയ്ക്കിടയില്‍ ഈ തടാകം കാണാം. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും മനോഹരമാണ്. വേനല്‍ക്കാലത്ത്, മനോഹരമായ ഗുല്‍മോഹര്‍ മരങ്ങളാല്‍ അലങ്കരിക്കപ്പെടുന്ന തീരവും ശൈത്യകാലത്ത് ജലനിരപ്പ് താഴ്ന്ന് നീലനിറമാകുന്ന തടാകവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഉമിയം തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്.
സിക്കിമിന്റെ വിശുദ്ധ തടാകം- സോംഗോ
സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്കിന് സമീപത്തായി എല്ലാ വശവും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഗ്‌ളേഷ്യര്‍ തടാകമാണ് സോംഗോ തടാകം. ചാങ്കു തടാകം എന്നും ഇതറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ ഗാംടോക്കില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് തടാകം സ്ഥിതി ചെയ്യുന്നത്. സിക്കിം ജനത സോംഗോയെ വിശുദ്ധ തടാകമായാണ് കാണുന്നത്. നാഥുലാ പാസിലേക്കുള്ള വഴിമധ്യേ കാണുന്ന ഈ തടാകത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനീസ് അതിര്‍ത്തി. തണുപ്പുകാലത്ത് പൂര്‍ണമായും മഞ്ഞിലുറയുന്ന തടാകം വേനല്‍ക്കാലത്താണ് തടാകത്തിന്റെ രൂപത്തിലാവുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായതിനാല്‍ തന്നെ ഇങ്ങോട്ട് പ്രവേശിക്കാന്‍ പ്രത്യക അനുമതികള്‍ ആവശ്യമാണ്.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി- ദാവ്കി
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് ദാവ്കി നദി ഒഴുകുന്നത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായാണ് ഇത്. ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദിയെന്നാണ് ദാവ്കി അറിയപ്പെടുന്നത്. 'ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലിനോംഗ് ഗ്രാമത്തില്‍ ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ നദി ഒഴുകുന്നത്. ഉമന്‍ഗോട്ട് നദിയാണ് ദാവ്കി എന്നറിയപ്പെടുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ഉമന്‍ഗോട്ട് നദി സന്ദര്‍ശിക്കാനായി മൗലിനോംഗ് ഗ്രാമത്തിലെത്തുന്നത്. ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. നദിയിലൂടെ പോകുന്ന വള്ളങ്ങളുടെ ചിത്രം കണ്ടാല്‍ അന്തരീക്ഷത്തില്‍ വള്ളം പോകുന്നതായേ തോന്നുകയുള്ളു. നദിയുടെ അടിത്തട്ടിലുള്ള ഉരുളന്‍കല്ലുകളും നീന്തിത്തുടിക്കുന്ന മീനുകളെയും വളരെ വ്യക്തമായി ഇവിടെ കാണാന്‍ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആഴങ്ങള്‍ കാണാന്‍ സാധിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമെന്നതിനാല്‍ ഇവിടെ എത്തിപ്പെടുന്നത് ദുഷ്‌കരമാണ്. നദിയിലൂടെയുള്ള ബോട്ടുയാത്രകളാണ് സ്ഥലത്തെ പ്രധാന ആകര്‍ഷണം. '
തവാങ്ങിലെ മാധുരി ദീക്ഷിത് തടാകം
അരുണാചല്‍ പ്രദേശിലെ തവാങ്ങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സംഗസ്റ്റര്‍ സോ തടാകം പ്രശസ്തമായത് മറ്റൊരു പേരിലാണ്. 'മാധുരി ദീക്ഷിത് തടാകം'. 1997 ല്‍ പുറത്തിറങ്ങിയ കൊയ്‌ല എന്ന സിനിമയിലൂടെയാണ് അരുണാചലിന് പുറത്തേക്ക് ഈ തടാകം പ്രശസ്തമാകുന്നത്. ഈ സിനിമയില്‍ നായികയായി മാധുരി ദീക്ഷിത്തില്‍ നിന്നാണ് ഈ തടകാത്തിന് ആ പേര് ലഭിക്കുന്നത്. അരുണാചലിലെ പര്‍വതനിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്നതിനാല്‍ അതിമനോഹരമാണ് ഈ തടാകത്തിന്റെ ചുറ്റിലുമുള്ള കാഴ്ചകള്‍. എഴുപതുകളിലുണ്ടായ ഭൂമികുലുക്കത്തില്‍ ഒറ്റ രാത്രികൊണ്ടാണ് ഈ തടാകം രൂപപ്പെട്ടത്. തവാങ് നഗരത്തില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തടാകക്കരയിലെ ട്രെക്കിങാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റി. വേനല്‍ക്കാലത്താണ് ഇവിടെ കൂടുതല്‍ സഞ്ചാരികളെത്തുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതികള്‍ വേണം.
Content Highlights: most scenic lakes in northeast India