അഴകിന്റെ ദ്വീപില്‍ അവധി ആഘോഷിച്ച് ലോകസുന്ദരി; മാലദ്വീപ് ചിത്രങ്ങളുമായി മാനുഷി ഛില്ലർ

മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യയുടെ ലോകസുന്ദരിയും സിനിമാതാരവുമായ മാനുഷി ഛില്ലർ. യാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ മാനുഷി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. മാലദ്വീപിലെ ഒലാഹലി ദ്വീപിലുള്ള പ്രശസ്തമായ ജുമൈറ റിസോര്‍ട്ടിലാണ് മാനുഷി വെക്കേഷന്‍ ആഘോഷിക്കുന്നത്.
ബിക്കിനിയിലും സിംസ്യൂട്ടിലുമെല്ലാം ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങളില്‍ മാനുഷിയുള്ളത്. ബീച്ച് ആക്ടിവിറ്റീസില്‍ ഏര്‍പ്പെട്ടും മണലില്‍ കിടന്ന് പുസ്തകം വായിച്ചും ദ്വീപ് നിവാസികളോടൊപ്പം പാചകം ചെയ്തുമെല്ലാം വെക്കേഷന്‍ ആസ്വദിക്കുകയാണ് മാനുഷി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് പഞ്ചാരമണലിലുള്ള വില്ല റിട്രീറ്റാണ് ജുമൈറ റിസോര്‍ട്ട്. ആഡംബരവും ഭംഗിയും സമ്മേളിക്കുന്ന റിസോര്‍ട്ടിന് ചുറ്റിനുമുള്ള നീലക്കടല്‍ അതിന്റെ മാറ്റ് കൂട്ടുന്നു. മാലൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സീപ്ലെയിനില്‍ കയറിയാണ് സഞ്ചാരികള്‍ റിസോര്‍ട്ടിലെത്താറുള്ളത്.
ആഡംബര വില്ലകള്‍, സ്വകാര്യ ഇന്‍ഫിനിറ്റി പൂളുകള്‍, യോഗ, സ്പാ, അന്താരാഷ്ട്ര നിലവാരമുള്ള റെസ്റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങി ഒരു സമ്പൂര്‍ണ മാലദ്വീപ് പാക്കേജാണ് ജുമൈറ റിസോര്‍ട്ട്. നേരത്തെയും നിരവധി ഇന്ത്യന്‍ സെലബ്രിറ്റികള്‍ ഈ റിസോര്‍ട്ടില്‍ താമസിച്ചിട്ടുണ്ട്.
മാലദ്വീപ് അഴകിന്റെ അത്ഭുത ലോകം
ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ അനുഭവമാണ് മാലദ്വീപ് പകരുന്നത്. കടലും തീരവും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് ഈ ദ്വീപസമൂഹം. കാഴ്ചകളുടെ ആകാശമുണ്ട്. താഴെ അടിത്തട്ടിലെ അഴകിന്റെ അദ്ഭുതങ്ങളും. മാലദ്വീപ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ടൂറിസമാണ് ദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം. ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മാലദ്വീപിന്റേത്. വളരെ ചുരുങ്ങിയ ചിലവില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. കടലൊരുക്കുന്ന കാഴ്ചകളെ വളരെ പ്രൊഫഷണലായി തന്നെ ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിനോദത്തിന്റെ പറുദീസയൊരുക്കുന്ന റിസോര്‍ട്ടുകളുണ്ടിവിടെ. പാക്കേജുകളുടെ കാര്യം നോക്കിയാല്‍ ആഡംബര ബജറ്റിലും കയ്യിലൊതുങ്ങുന്ന ബജറ്റിലും റിസോര്‍ട്ടുകള്‍ ലഭ്യമാണ്.
പഞ്ചസാര മണലുകള്‍ തെളിയുന്ന ബീച്ചുകള്‍. തെളിഞ്ഞ വെള്ളം. വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങള്‍... ഒരു സഞ്ചാരിക്ക് കണ്ണുമടച്ച് മാലദ്വീപിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യാം. ഇന്ത്യയില്‍ നിന്നുവരുന്ന സഞ്ചാരികള്‍ക്കാണെങ്കില്‍ ഒട്ടേറെ അനുകൂല ഘടകങ്ങളുമുണ്ട്. വിസയുടെ സങ്കീര്‍ണതകളേക്കുറിച്ച് തലപുകയ്‌ക്കേണ്ടതില്ല.
Content Highlights: Manushi Chhillar Maldives trip