അരഡസനിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാം; മഴക്കാലത്ത് മാങ്കുളത്തേക്ക് വരൂ

വേനല്‍ വറുതിക്ക് പിന്നാലെ മഴക്കാലമെത്തിയതോടെ മാങ്കുളം കൂടുതല്‍ മനോഹരമായി. മണ്‍സൂണ്‍ ടൂറിസത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് വെള്ളച്ചാട്ടങ്ങളുടെ നാട്. മധ്യ വേനലവധിക്കാലത്ത് കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി നൂറുകണക്കിന് സഞ്ചാരികളാണ് മാങ്കുളത്തിന്റെ കാഴ്ചകള്‍ കണ്ട് മടങ്ങിയത്. മൂന്നാറിന്റെ പടിഞ്ഞാറു ഭാഗത്ത് മഞ്ഞു ചൂടി നില്ക്കുന്ന മലനിരയ്ക്കു നടുവിലാണ് മാങ്കുളം. ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന പുഴയും അതിമനോഹരമായ വെള്ളച്ചാട്ടങ്ങളുമെല്ലാമായി ഒരു കംപ്ലീറ്റ് പാക്കേജാണ് മാങ്കുളം യാത്ര.
വേനല്‍ക്കാലത്ത് ആനക്കുളത്തെത്തുന്ന കാട്ടാനക്കൂട്ടങ്ങളാണ് സഞ്ചാരികളുടെ ഏറ്റവും ഇഷ്ട കാഴ്ച. അതുപോലെ, ജലസമൃദ്ധമായി നുരഞ്ഞ് പതഞ്ഞ് മലയിടുക്കുകളില്‍ വെള്ളിവര തീര്‍ക്കുന്ന അരഡസനിലധികം വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് മാങ്കുളത്തിന് ഭംഗി പകരുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനങ്ങളും കുറവായതിനാല്‍ പ്രകൃതിയുടെ മനോഹരിത ഏറ്റവും നന്നായി ആസ്വദിക്കാന്‍ സാധിക്കുന്നു.
കൈനഗിരി വെള്ളച്ചാട്ടവും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടവും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് തൊട്ടരികില്‍നിന്ന് കാണാം. ചിന്നാര്കുത്തിന്റെയും കോഴിവാലന്‍ കുത്തിന്റെയും ഭംഗി ഏറെ ദൂരയല്ലാതെ കണ്ട് ആസ്വദിക്കാം. മഴ പെയ്യുന്നതോടെ മാങ്കുളത്തിന്റെ ഹരിതകാന്തിക്ക് ചന്തമേറും. പച്ചപ്പ് തിങ്ങിയ മലനിരകളെ പുല്കി മൂടല്‍മഞ്ഞ് കടന്നുപോകും. വനംവകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായും സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം.
ആര്‍ത്തൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പരന്ന പച്ചപ്പിനിടയില്‍ തീര്‍ക്കുന്ന ഭംഗി സഞ്ചാരികളുടെ മനം കവരും. മഴ നനഞ്ഞ് കാനന ഭംഗിയാസ്വദിച്ച് വന്യത പൂണ്ട ജലപാതങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മണ്‍സൂണ്‍കാലത്ത് സഞ്ചാരികളങ്ങനെ വന്ന് പൊയ്ക്കോണ്ടേയിരിക്കും. മാങ്കുളത്തിന്റെ യഥാര്‍ഥ ഭംഗിയാസ്വദിക്കണമെങ്കില് മഴ നനഞ്ഞ് മണ്സൂണ്കാലത്താകണമെന്ന് സഞ്ചാരികള്‍ പറയുന്നു.
Content Highlights: mankulam tourism waterfalls idukki travel destination