ഇന്ത്യ ലോകകപ്പുയർത്തിയ ആവേശം ഏറ്റുവാങ്ങിയ അമ്പലക്കരയിൽ നിന്ന് ലോർഡ്‌സിന്റെ സ്വപ്‌നഭൂമിയിലേക്ക് ...

ഞങ്ങളുടെ ഗ്രാമമായ അമ്പലക്കരയിൽ ക്രിക്കറ്റിന് ആഴത്തിൽ വേരോട്ടം ഉണ്ടാക്കിയത് ഇന്ത്യയുടെ 1983 ലോകകപ്പ് വിജയമാണ്. റോയിച്ചാനും അലക്സാറും സുനിൽ അണ്ണനും അനിയച്ചായനും ഷാജിച്ചായനും അമ്മോനിയണ്ണനും രാജു അച്ചായനും പ്രദീപ് അണ്ണനും ഉല്ലാസ് അണ്ണനും അങ്ങനെ ഒരുപാട് ചെറുപ്പക്കാർ ക്രിക്കറ്റ് ലഹരിയുടെ ഭാഗമായി.

വിജയത്തിന് ശേഷം ഗാംഗുലി ജേഴ്സി ഊരി വീശിയ പവലിയൻ

കേണൽ ക്ലബ്ബ് രൂപീകൃതമായി. ക്രിക്കറ്റിലൂടെ പ്രാദേശികമായി സിസിസി (CCC ) പ്രശസ്തവുമായി. ടിവിയിലൂടെ ക്രിക്കറ്റ് കാണുന്നതിന് മുമ്പേ തന്നെ, ക്രിക്കറ്റ് എന്താണെന്നു കുട്ടിക്കാലത്ത് ഇവരുടെ അമ്പലക്കരയിലെ അന്ന് ടാറിടാത്ത റോഡിലും തോട്ടത്തിലും വയലിലും ഒക്കെയുള്ള കളിയിലൂടെയാണ് മനസ്സിലാക്കിയത്. പിന്നീട് റോയിച്ചാൻ വാങ്ങിയിരുന്ന 'സ്പോർട്സ് സ്റ്റാർ' മാസിക ഞാനും കടമെടുത്തു വായിക്കുമായിരുന്നു. അങ്ങനെ കളിക്കാരെ കൂടാതെ മനസ്സിലിടം പിടിച്ച മഹത്തായ ഗ്രൗണ്ടാണ് ലോർഡ്‌സ്!

പത്തു ദിവസത്തെ സന്ദർശനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ അന്നത്തെ ക്രിക്കറ്റ് ഓർമകൾ നിമിഷനേരം മനസ്സിലൂടെ കടന്നുപോയി. ലണ്ടനിലെ എന്റെ കസിൻ റ്റിറ്റുവുമൊത്തായിരുന്നു യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്. തെംസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ലണ്ടൻ പൗരാണികതയും ആധുനികതയും ലോകസംസ്‌കാരങ്ങളും ഒത്തുചേരുന്ന വലിയ വിസ്മയമാണ്. ലണ്ടനിലെ ചുവന്ന ഡബിൾ ഡെക്കർ ബസ്സുകളും, കറുത്ത ടാക്സികളും, ലണ്ടൻ ട്യൂബും അവിസ്മരണീയമായ കാഴ്ചകളാണ്. ലണ്ടനു പുറമേ എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ഡബ്ലിൻ തുടങ്ങിയ നഗരങ്ങളും ഞങ്ങൾ സന്ദർശിച്ചു.

Lordസിലെ പ്രാക്ടീസിങ് ഗ്രൗണ്ട്

ലണ്ടനിലേക്കുള്ള യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതായിരുന്നു ലോർഡ്സ് സന്ദർശനം. 250-ഓളം വർഷത്തെ പാരമ്പര്യമുള്ള ലോർഡ്സിലേക്കുള്ള യാത്ര ലണ്ടനിൽ എത്തിയതിന്റെ അടുത്ത ദിവസമാണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഞങ്ങൾ പോയത്. ഇവിടേക്കുള്ള ടൂർ റ്റിറ്റു ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. വൈകുന്നേരമായിരുന്നു ഞങ്ങൾക്ക് ലഭിച്ച ടൈം സ്ലോട്ട്. രാവിലെ ലണ്ടൻ നഗരത്തിലെ കാഴ്ചകൾക്ക് ശേഷം സെന്റ് ജോൺസ് വുഡിലെ ലോർഡ്സിലേക്ക് അണ്ടർഗ്രൗണ്ട് ട്യൂബ് മാർഗ്ഗം യാത്രതിരിച്ചു. മേരിലെബോൺ സ്റ്റേഷനിൽ ഇറങ്ങി ഒരു കോഫിയും കുടിച്ച് ശാന്തമായ തെരുവുകളിലൂടെ നടന്ന് ഞങ്ങൾ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപമെത്തി.

MCC മ്യൂസിയത്തിലെ സുനിൽ ഗവാസ്കറിന്റെ ഹെൽമറ്റ്

ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ചിടത്തോളം ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിക്കുന്നത് സ്വപ്നസാക്ഷാത്കാരമാണ്. ഹോം ഓഫ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന, ലോകക്രിക്കറ്റിന്റെ ചരിത്രത്തിന് സാക്ഷ്യം വഹിച്ച ലോർഡ്സ് മൈതാനം! വിക്ടോറിയൻ ശൈലിയിലുള്ള പ്രശസ്തമായ ഡബ്ല്യു. ജി ഗ്രേസ് ഗേറ്റിലൂടെ ലോർഡ്സ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ക്രിക്കറ്റിന്റെ ചരിത്രപരമായ അന്തരീക്ഷം നമ്മെ പൊതിയുന്നു; പഴമയും ആധുനികതയും ഒരുപോലെ സമന്വയിപ്പിച്ച കായിക പൈതൃക കേന്ദ്രമാണിത്. സെക്യൂരിറ്റി ഗേറ്റിൽ നിന്ന് ബുക്കിംഗ് പരിശോധിച്ച് എൻട്രി ടാഗ് നൽകി ഞങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു.

എംസിസി മ്യൂസിയം

ഞങ്ങളുടെ ടൂറിന്റെ സമയത്തിനായി മ്യൂസിയത്തിന് സമീപമുള്ള വെയ്റ്റിംഗ് റൂമിൽ കാത്തിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതോളം ആളുകൾ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ലോർഡ്സിന്റെ ചരിത്ര മുഹൂർത്തങ്ങൾ അടുത്തറിയാൻ സാധിക്കുന്ന ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഗൈഡഡ് ടൂറുകൾ നയിക്കുന്നത് മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഔദ്യോഗിക ഗൈഡുകളാണ്. ക്രിക്കറ്റിനെയും ലോർഡ്സിന്റെ ചരിത്രത്തെയും കുറിച്ച് ആഴത്തിൽ അറിവുള്ളതും വിദഗ്ദ്ധ പരിശീലനം ലഭിച്ചതുമായ ഗൈഡുകളുടെ ഒരു പാനലാണ് ടൂറുകൾക്ക് നേതൃത്വം നൽകുന്നത്. ദീർഘകാലമായി അവിടെ സേവനമനുഷ്ഠിക്കുന്ന വിദഗ്ധനായ ടൂർ ഗൈഡ് ഇർവിംഗ് ബെർണാഡ് ആയിരുന്നു ഞങ്ങളുടെ ഗൈഡ്.

83 ൽ ഇന്ത്യ വിജയിച്ച പ്രുഡൻഷ്യൽ കപ്പ്

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ എംസിസി മ്യൂസിയത്തിലൂടെയാണ് ഞങ്ങളുടെ ടൂർ ആരംഭിച്ചത്. 1953-ൽ സ്ഥാപിതമായ മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് മ്യൂസിയം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക മ്യൂസിയങ്ങളിൽ ഒന്നാണ്. ക്രിക്കറ്റിന്റെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രം ഒന്നൊന്നായി കൺമുന്നിൽ തുറന്നുവന്നു. മ്യൂസിയത്തിലെ ഏറ്റവും വലിയ ആകർഷണം 10.5 സെന്റീമീറ്റർ മാത്രം ഉയരമുള്ള മൺപാത്രമായ 'ആഷസ് കുപ്പി' (The Ashes Urn) ആണ്.

MCC മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഷസ്

1882-83 കാലത്തിലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ പരമ്പരയ്ക്കിടെ ഉടലെടുത്ത പ്രതീകാത്മകമായ ഈ ട്രോഫി, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമുള്ള മത്സരങ്ങളുടെ ചിഹ്നമായി നിലകൊള്ളുന്നു. സാധാരണയായി എംസിസി മ്യൂസിയത്തിലാണ് ഇത് സൂക്ഷിക്കുന്നത്; പ്രത്യേക അവസരങ്ങളിൽ മാത്രമാണ് പ്രദർശനത്തിനായി പുറത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. വിജയിക്കുന്ന ടീമിന് ഇതിന്റെ കൃത്യമായ മാതൃകയാണ് (Replica) നൽകുന്നത്. ആഷസിന്റെ ചരിത്രം രസകരമായി ഇർവിംഗ് ബെർണാഡ് അവതരിപ്പിച്ചു. 1882-ൽ ലണ്ടനിലെ ഓവൽ മൈതാനത്ത് നടന്ന ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയോട് ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ ആദ്യമായി പരാജയപ്പെട്ടു. ഇതിൽ നിരാശരായ 'ദി സ്പോർട്ടിംഗ് ടൈംസ്' എന്ന പത്രം, 'ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിച്ച് ചാരം (Ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയി' എന്ന് പരിഹാസരൂപേണ ചരമക്കുറിപ്പെഴുതി. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് ക്യാപ്റ്റൻ ഈവോ ബ്ലൈയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇംഗ്ലണ്ട് ടീം പരമ്പര 2-1 ന് ജയിച്ച് ആ 'ചാരം' തിരികെ പിടിച്ചു. ഫ്ലോറൻസ് മോർഫി, ലേഡി ജാനറ്റ് ക്ളാർക്ക് എന്നിവരുൾപ്പെടുന്ന മെൽബണിലെ ഒരു കൂട്ടം വനിതകൾ പെർഫ്യൂം കുപ്പിയിൽ സ്റ്റംപ് ബെയിൽ കത്തിച്ച് അതിന്റെ ചാരം ഇംഗ്ലീഷ് ക്യാപ്റ്റന് സമ്മാനമായി നൽകി. അങ്ങനെയാണ് ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് 'ആഷസ്' എന്ന പേരുവന്നത്.

ലോർഡ്‌സിൽ ലേഖകൻ

ട്രോഫികളുടെ അപൂർവ ശേഖരം ഇവിടെയുണ്ട്. 1983-ൽ ഇന്ത്യ ഉയർത്തിയ ലോകകപ്പ് ട്രോഫി (Prudential Cup) ഉൾപ്പെടെയുള്ള ഏകദിന, T20, വനിതാ ക്രിക്കറ്റിലെ പ്രമുഖ ട്രോഫികളും രാജ്യാന്തര മത്സരങ്ങളിൽ ഉപയോഗിച്ച ചരിത്രപ്രസിദ്ധമായ മെഡലുകളും കീർത്തിമുദ്രകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന (ഹോക്കി സ്റ്റിക് പോലുള്ള) ആദ്യകാല ക്രിക്കറ്റ് ബാറ്റുകൾ (ഏകദേശം 1720-കളിലെ ബാറ്റ് ഉൾപ്പെടെ) മുതൽ സച്ചിൻ തെണ്ടുൽക്കർ, സർ ഡൊണാൾഡ് ബ്രാഡ്മാൻ, ഷെയ്ൻ വോൺ, കപിൽ ദേവ് തുടങ്ങിയ ഇതിഹാസതാരങ്ങൾ ഉപയോഗിച്ച ഉപകരണങ്ങളും ക്യാപ്പുകളും വരെ ഇവിടെ കാണാം. വിക്ടോറിയൻ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും പ്രശസ്തരായ കായിക ചിത്രകാരന്മാർ വരച്ച എണ്ണച്ഛായാചിത്രങ്ങളും ക്രിക്കറ്റിന്റെ 300-ഓളം വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന അപൂർവ്വ ഫോട്ടോഗ്രാഫുകളും രേഖകളും മ്യൂസിയത്തിലുണ്ട്.

MCC മ്യൂസിയത്തിലെ ഡോൺ ബ്രാഡ്മാൻ ഉപയോഗിച്ച ബാറ്റ്

മ്യൂസിയത്തിൽ നിന്ന് ഞങ്ങൾ ഗ്രൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചു. വിക്ടോറിയൻ കാലഘട്ടത്തിന്റെ പ്രൗഢിയും നൂറ്റാണ്ടുകളുടെ കായിക ചരിത്രവും ഒത്തുചേരുന്ന ഇവിടേക്ക് ചുവടുവെക്കുമ്പോൾ അനുഭവപ്പെടുന്ന വികാരം വാക്കുകൾക്കതീതമാണ്. ചുവന്ന ഇഷ്ടികയിൽ തീർത്ത പവലിയനാണ് ലോർഡ്സിന്റെ പ്രധാന ആകർഷണം. ലോർഡ്സിലെ വിക്ടോറിയൻ പവലിയനിലേക്ക് പ്രവേശിക്കാൻ കൃത്യമായ ഡ്രസ്സ് കോഡ് നിർബന്ധമാണ്. വസ്ത്രധാരണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ പല പ്രമുഖർക്കും പവലിയനിലെ പ്രവേശനത്തിന് നിയന്ത്രണം നേരിടേണ്ടി വന്നിട്ടുണ്ട്. നിലവിലെ പവലിയൻ 1889-90 കാലഘട്ടത്തിലാണ് നിർമ്മിച്ചത്. യുകെ സർക്കാരിന്റെ പൈതൃക നിർമ്മിതികളുടെ പട്ടികയിൽ പെടുന്ന ഗ്രേഡ് 2 ലിസ്റ്റഡ് ബിൽഡിംഗായി ഇതിനെ സംരക്ഷിച്ചുപോരുന്നു.

ഹോം ടീമിനും എവേ (സന്ദർശക) ടീമിനും വെവ്വേറെ ഡ്രസ്സിംഗ് റൂമുകൾ പവലിയനിലുണ്ട്. ഞങ്ങൾ അങ്ങോട്ടേക്കാണ് ആദ്യം പോയത്. ലോർഡ്സ് പവലിയനിൽ ആലൻ സ്റ്റാൻഡിന്റെ ഇടതു വശത്തെ ഡ്രസ്സിംഗ് റൂമാണ് ഇംഗ്ലണ്ട് (Home Team) ടീമിന്റേത്. പവലിയന്റെ ഒന്നാം നിലയിലാണിത്. ഒന്നാം നിലയിൽ തന്നെ വലതുഭാഗത്ത് വാർണർ സ്റ്റാൻഡിനോട് അടുത്തെ ഡ്രസ്സിംഗ് റൂമാണ് സന്ദർശക ടീമിനായി നൽകുന്നത്. താരങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയം ചുവരിലെ ഓണേഴ്സ് ബോർഡുകളാണ് (Honours Boards). ലോർഡ്സിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടുകയോ, ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തുകയോ, ഒരു മത്സരത്തിൽ 10 വിക്കറ്റുകൾ നേടുകയോ ചെയ്യുന്ന താരങ്ങളുടെ പേരുകളാണ് ഈ ബോർഡിൽ സ്വർണ അക്ഷരങ്ങളിൽ രേഖപ്പെടുത്തുന്നത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങൾക്ക് മാത്രം നൽകിയിരുന്ന ഈ ആദരം, 2019 മാർച്ച് മുതൽ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലെ പ്രകടനങ്ങൾക്കും ബാധകമാക്കി.

ബാറ്റിംഗ് ഓണേഴ്സ് ബോർഡിലെ ഇന്ത്യക്കാരായ വിനു മങ്കാദ്, ദിലീപ് വെങ്സർക്കാർ, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മുഹമ്മദ് അസറുദ്ദീൻ, സൗരവ് ഗാംഗുലി, അജിത് അഗാർക്കർ, രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ, കെ. എൽ. രാഹുൽ എന്നിവരുടെ പേരുകൾ കണ്ടു. ദിലീപ് വെങ്സർക്കാർ ലോർഡ്സിൽ തുടർച്ചയായി മൂന്ന് ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുണ്ട്. ലോർഡ്സിൽ മൂന്ന് ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ഒരേയൊരു വിദേശ ബാറ്റ്സ്മാനാണ് അദ്ദേഹം!

ബോളിംഗ് ഓണേഴ്സ് ബോർഡിലെ ഇന്ത്യക്കാരുടെ പേരുകളും വായിച്ചെടുത്തു. അമർ സിംഗ്, ലാലാ അമർനാഥ്, വിനു മങ്കാദ്, സുഭാഷ് ഗുപ്തേ, ബിഷൻ സിംഗ് ബെഡി, കപിൽ ദേവ്, ചേതൻ ശർമ്മ, വെങ്കടപതി രാജു, ആർ. പി. സിംഗ്, പ്രവീൺ കുമാർ, ഇഷാന്ത് ശർമ്മ തുടങ്ങി മുഹമ്മദ് സിറാജ് വരെ അത് നീണ്ടു.

സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്‌കർ, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടാൻ സാധിക്കാത്തതിനാൽ ടെസ്റ്റ് ബാറ്റിംഗ് ഓണേഴ്സ് ബോർഡിൽ ഇവരുടെ പേരുകളില്ല എന്ന കൗതുകകരമായ വസ്തുത ഗൈഡ് ഇർവിംഗ് ബെർണാഡ് ഓർമിപ്പിച്ചു! ലോർഡ്സ് ഗ്രൗണ്ടിൽ ഏകദിന സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ താരം രോഹിത് ശർമ്മ മാത്രമാണ്. ഏകദിന മത്സരങ്ങളിൽ ഒരു ഇന്ത്യൻ ബൗളറും ഇതുവരെ 5 വിക്കറ്റ് നേട്ടം ലോർഡ്സിൽ കൈവരിച്ചിട്ടുമില്ല. ഡ്രസ്സിംഗ് റൂമിനോട് ചേർന്നാണ് ചരിത്രപ്രസിദ്ധമായ ബാൽക്കണികൾ സ്ഥിതി ചെയ്യുന്നത്.

ലോർഡ്സിൽ നടക്കുന്ന ലോകകപ്പോ മറ്റ് പ്രധാന ടൂർണമെന്റുകളോ ജയിക്കുമ്പോൾ കളിക്കാർ ട്രോഫി ഏറ്റുവാങ്ങുന്നതും അതുമായി നിൽക്കുന്നതും ലോർഡ്സ് പവലിയന്റെ സെൻട്രൽ ബാൽക്കണിയിലാണ് (Pavilion Balcony). ഞങ്ങൾ അവിടേക്ക് എത്തി. 1983-ൽ കപിൽ ദേവ് ലോകകപ്പ് ഉയർത്തിയത് ഈ ബാൽക്കണിയിൽ നിന്നാണ് എന്ന് ഗൈഡ് ഞങ്ങളോടായി പ്രത്യേകം ഓർമിപ്പിച്ചു. വളരെ അഭിമാനത്തോടെ ഞങ്ങൾ അവിടെനിന്ന് ഫോട്ടോകൾ എടുത്തു. അവിടെനിന്നും പവലിയന്റെ മധ്യഭാഗത്ത് തൊട്ടു മുന്നിലായി സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് സ്റ്റാൻഡിൽ (Grand Stand) എത്തി. മൈതാനത്തെ ഏറ്റവും മികച്ച കാഴ്ച ഇവിടെ നിന്നാണ് ലഭിക്കുന്നത്.

സൗരവ് ഗാംഗുലിയും ലോർഡ്സും തമ്മിൽ ക്രിക്കറ്റ് ലോകം മറക്കാത്ത ബന്ധമുണ്ട്. സൗരവ് ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിർണായകവും അവിസ്മരണീയവുമായ ചില മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനമാണ് ലോർഡ്സ്. 1996 ജൂണിൽ ലോർഡ്സിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ഗാംഗുലി മാറി. 2002 ജൂലൈ 13-ന് നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 325 റൺസ് എന്ന വൻ ലക്ഷ്യം യുവതാരങ്ങളായ യുവരാജ് സിംഗിന്റെയും മുഹമ്മദ് കൈഫിന്റെയും മികവിൽ ഇന്ത്യ മറികടന്നു. വിജയത്തിനു ശേഷം ഗാംഗുലി ലോർഡ്സ് പവലിയന്റെ ബാൽക്കണിയിൽ ടീം ജേഴ്സി ഊരി വീശി ആഘോഷിച്ച ആ നിമിഷം, ടിവിയിലൂടെ തത്സമയം കണ്ട ആവേശം മനസ്സിലേക്ക് ഓടിയെത്തി.

ലോർഡ്‌സിൽ ലേഖകൻ

ക്രിക്കറ്റ് ലോകം ഏറെ ബഹുമാനത്തോടെ കാണുന്ന 'ലോങ് റൂം' (Long Room) സ്ഥിതി ചെയ്യുന്നിടത്തേക്ക് ഞങ്ങൾ പടികൾ ഇറങ്ങി എത്തി. ഡൊണാൾഡ് ബ്രാഡ്മാൻ, സച്ചിൻ, വിവിയൻ റിച്ചാർഡ്സ്, ഇമ്രാൻ ഖാൻ, ലാറ, പോണ്ടിംഗ്, കോഹ്ലി, ധോണി, കാലിസ്, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, സംഗക്കാര, വാർണർ തുടങ്ങിയ ഇതിഹാസങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും പടികൾ ഇറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുപോയത് ഈ മുറിയിലൂടെയാണ്. ചുവരുകളിൽ പലയിടങ്ങളിലായി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ അപൂർവ്വ ചിത്രങ്ങളും എണ്ണച്ഛായാചിത്രങ്ങളും അലങ്കരിച്ചിരിക്കുന്നത് കാണാം.

ലോർഡ്സ് ഗ്രൗണ്ടിന്റെ വാസ്തുവിദ്യയിലെ ഏറ്റവും ആകർഷകമായ ഘടകങ്ങളിലൊന്നാണ് അതിലെ വിക്ടോറിയൻ ശൈലിയിലുള്ള ഇഷ്ടിക ആർച്ചുകൾ (Brick Arches / Colonnades). മൗണ്ട് സ്റ്റാൻഡിന്റെ (Mound Stand) താഴത്തെ തട്ടിലുള്ള ആർച്ചുകൾക്കിടയിലൂടെ നടന്ന് ഞങ്ങൾ ഗേറ്റിലൂടെ മൈതാനത്തിന് സമീപമെത്തി. ഇവിടെ നിന്നാൽ സ്‌കോർബോർഡും പവലിയന് മുകളിലുള്ള ക്ലോക്ക് ടവറും കാണാൻ സാധിക്കും. വിക്കറ്റ് പിഴുതെടുക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത 'ഫാദർ ടൈം വെതർവേൻ' (Father Time Weathervane) ഇവിടുത്തെ പ്രധാന ആകർഷണമാണ്.

MCC മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആദ്യകാല ക്രിക്കറ്റ് ബാറ്റ്

ബൗണ്ടറി വരയ്ക്കു സമീപമുള്ള ഗാലറിയിലെ കസേരയിൽ ഞങ്ങൾ ഇരുന്നു. കൗണ്ടി ടീമുകൾക്കായി കളിച്ചിരുന്ന ഗൈഡ് ബെർണാഡ് തന്റെ അനുഭവം പങ്കുവെച്ചു. കളിച്ചിരുന്ന അനുഭവങ്ങളും ഗ്രൗണ്ടിന്റെ ചരിത്രവും വിശേഷങ്ങളും പ്രധാന കളികളുമൊക്കെ വിവരിച്ച് അദ്ദേഹം വാചാലനായി. അതിൽ പ്രധാനപ്പെട്ടത് ഗ്രൗണ്ടിന്റെ ചരിത്രപ്രസിദ്ധമായ സ്ലോപ്പിനെ കുറിച്ചായിരുന്നു. ലോർഡ്സിലെ ഔട്ട്ഫീൽഡിൽ വടക്കുപടിഞ്ഞാറു നിന്ന് തെക്കുകിഴക്കിലേക്ക് ഏകദേശം 2.5 മീറ്റർ (8 അടി) ചരിവുണ്ട് . അസാധാരണമായ ഈ ചരിവ് പന്തിന്റെ സ്വിംഗിലും ഡീവിയേഷനിലും കളിക്കാരുടെ ഫീൽഡിംഗിലും സ്വാഭാവികമായി സ്വാധീനം ചെലുത്തുന്നു. ഗ്രൗണ്ടിന്റെ ഈ ചരിവ് കൗതുകകരമായ അറിവായിരുന്നു.

1914 - 1918 ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ സ്റ്റേഡിയം സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകുകയും പരിശീലന ക്യാമ്പാക്കി മാറ്റുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോർഡ്സ് ഗ്രൗണ്ടിന് സമീപം ബോംബുകൾ പതിച്ചിരുന്നു. ഈ സമയത്ത് സൈനികർക്കായി എയർ റൈഡ് ഷെൽട്ടറായും പരിശീലന കേന്ദ്രമായും മൈതാനത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന ചരിത്രവും ബെർണാർഡ് ഓർമിപ്പിച്ചു. 2012 ലണ്ടൻ ഒളിമ്പിക്സിലെ ആർച്ചറി (അമ്പെയ്ത്ത്) മത്സരങ്ങൾ നടന്നത് ലോർഡ്സിന്റെ ഔട്ട്ഫീൽഡിലാണ്.

ഗ്രൗണ്ടിന്റെ ഒരു വശത്ത് ചരിത്രപരമായ പവലിയനാണെങ്കിൽ, മറുവശത്ത് ആധുനികരീതിയിലുള്ള സ്റ്റാൻഡുകളും (Compton & Edrich), മീഡിയ സെന്ററും (ജെ.പി. മോർഗൻ) നിലകൊള്ളുന്നു. WilkinosnEyre എന്ന ആർക്കിടെക്ചറൽ സ്ഥാപനം രൂപകൽപ്പന ചെയ്ത ഈ പുതിയ സ്റ്റാൻഡുകൾക്ക് വക്രരൂപത്തിലുള്ള ആധുനിക ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണുള്ളത്. പിച്ചിലെ എല്ലാ ആംഗിളുകളിലേക്കും കാഴ്ചത്തടസ്സമില്ലാത്ത നിർമ്മിതിയാണിത്. മൂന്ന് തട്ടുകളുള്ള വലിയ സ്റ്റാൻഡുകളിലൂടെ കാണികളുടെ ശേഷി വർദ്ധിപ്പിച്ചു. മുകൾഭാഗത്ത് ഭാരക്കുറവുള്ള ആധുനിക കനോപ്പി മേൽക്കൂരയാണുള്ളത്. ഞങ്ങൾ ലിഫ്റ്റിൽ കയറി മീഡിയ സെന്ററിൽ എത്തി അവിടുത്തെ കാഴ്ചകൾ കണ്ടു. ഗ്രൗണ്ടിന് പുറത്തായി കളിക്കാർക്കും പൊതുജനങ്ങൾക്കും പരിശീലനം നടത്താനായി ആധുനിക സൗകര്യങ്ങളോടു കൂടിയ എംസിസി ഇൻഡോർ ക്രിക്കറ്റ് സെന്ററും നഴ്സറി ഗ്രൗണ്ടിലെ ഔട്ട്ഡോർ നെറ്റുകളും ഇവിടെനിന്നാൽ കാണാം. ഞങ്ങൾ അവിടെ നിന്നപ്പോൾ നമ്മുടെ ദിനേശ് കാർത്തിക് പരിശീലനം കഴിഞ്ഞ് മടങ്ങുന്നത് കണ്ടിരുന്നു. മത്സരദിവസങ്ങളിൽ സജീവമാകുന്ന ധാരാളം റെസ്റ്റോറന്റുകളും ബിയർ വൈൻ ഷോപ്പുകളും പലയിടങ്ങളിലായി കാണാൻ സാധിച്ചു.

MCC മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ജേഴ്സി

ഗ്രൗണ്ടിനുള്ളിലെ ലോർഡ്സ് ഷോപ്പിലേക്കാണ് (Lord's Shop) അവസാനമായി ഞങ്ങൾ പോയത്. ലോഗോ പതിച്ച ഒഫീഷ്യൽ ടീ-ഷർട്ടുകൾ, ജാക്കറ്റുകൾ, ക്യാപ്പുകൾ, ടൈകൾ, ക്രിക്കറ്റ് ബാറ്റുകൾ, പന്തുകൾ, ചരിത്രസ്മാരക സുവനീറുകൾ എന്നിവ ലഭ്യമാണ്. ഒരു ക്രിക്കറ്റ് ബോളും ഒരു ഫ്രിഡ്ജ് മാഗ്നെറ്റ് ബാറ്റും ഞങ്ങൾ വാങ്ങി. ഗൈഡ് ഇർവിംഗ് ബെർണാഡിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ലോർഡ്സ് ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

Content Highlights: Guided tour of the legendary Lord's Cricket Ground in London, Explore the historic MCC Museum housing the original Ashes Urn, Walk through the famous Lord's Pavilion, Long Room, and Honours Boards, Discover the unique slope of the outfield and modern media centre SEO Friendly URL: