'ഇണയ്ക്ക് തീറ്റ കൊടുക്കാനായി അത് വരാതിരിക്കില്ല സാര്‍'; കരടി ബംഗ്ലാവ് കാത്തുവെച്ച ആ കാഴ്ച

അതിരാവിലെ അഞ്ചിന് തുടങ്ങിയതാണ്. തലസ്ഥാന നഗരിയിലെ അനുദിനം ഉയരുന്ന ചൂടില്‍നിന്ന് രക്ഷ തേടി ഒരു യാത്ര. അത്രയേ മനസ്സില്‍ പ്‌ളാന്‍ ചെയ്തിരുന്നുള്ളൂ. ഈസ്റ്ററിനോട് അടുപ്പിച്ച് രണ്ട് അവധി ദിവസങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ഇടദിവസം അവധിയ്ക്ക് അപേക്ഷിച്ചതും അതുകൊണ്ടുതന്നെ. നെല്ലിയാമ്പതിയിലെ കേരള വനം വികസന ഏജന്‍സിയുടെ (Kerala Forest Development Corporation) തൃശൂര്‍ ഡിവിഷന് കീഴിലെ പകുതിപ്പാലം സബ് യൂണിറ്റിന് കീഴിലുള്ള നെല്ലി മാന്‍ഷനായിരുന്നു ഇത്തവണത്തെ ലക്ഷ്യം. അവിടത്തെ താമസത്തിന്റെ പെരുമയെപ്പറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്. കരടികളെ സ്ഥിരമായി കണ്ടിരുന്നതുകൊണ്ട് വിനോദ യാത്രക്കാരുടെ ഇടയില്‍ 'കരടി ബംഗ്‌ളാവ്' എന്നാണ് ആ കെട്ടിടം പരക്കെ അറിയപ്പെടുന്നത്. പത്ത് മണിക്കൂറിന് മുകളില്‍ എടുത്തേയ്ക്കും തിരുവനന്തപുരത്ത് നിന്നും അവിടേയ്‌ക്കെത്താന്‍ എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ തിരക്കേറുന്നതിന് മുമ്പ് പരമാവധി ദൂരം രാവിലെ തന്നെ താണ്ടണം എന്നായിരുന്നു മനസ്സില്‍. സുഹൃത്തും ഡ്രൈവിംഗില്‍ കൃതഹസ്തനുമായ അനുകൃഷ്ണനാണ് സാരഥിയുടെ സീറ്റിലിരിക്കുന്നത്.
നെന്മാറ ടൌണില്‍നിന്ന് വീണ്ടും മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്ത് കൈകാട്ടിയിലെത്തുമ്പോള്‍ കെ.എഫ്.ഡി.സിയിലെ ജനറല്‍ മാനേജര്‍ കിരണ്‍ പറഞ്ഞേല്‍പ്പിച്ചതു മാതിരി ഞങ്ങളെക്കാത്ത് അവരുടെ ജീപ്പ് കിടന്നിരുന്നു. കാര്‍ പാര്‍ക്ക് ചെയ്തശേഷം തുടര്‍ന്നുള്ള പതിന്നാല് കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര അതിലാണ്. വിനോദ സഞ്ചാരികള്‍ തൊട്ടപ്പുറത്തെ നൂറടിപ്പാലം എന്ന ജംഗ്ഷനില്‍ നിന്ന് വാടക ജീപ്പെടുത്താണ് യാത്ര പതിവ്. വിനോദ യാത്രക്കാരുടെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് ഉള്ള സൗകര്യങ്ങള്‍ കെ.എഫ്.ഡി.സി തന്നെ അവിടെ സജ്ജമാക്കിയിട്ടുമുണ്ട്. വനം വകുപ്പിലായത് കൊണ്ടുതന്നെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറ് പാര്‍ക്ക് ചെയ്യാനായി കൈകാട്ടിയിലെ നെന്മാറ റെയിഞ്ചിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കടന്നപ്പോഴാണ് ഡെപ്യൂട്ടി റേഞ്ചര്‍ ജയച്ചന്ദ്രനെ അവിചാരിതമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാളയാര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ട്രെയിനിയായിരുന്നു അയാളെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. യാത്ര മുന്‍കൂര്‍ അറിയിക്കാത്തതില്‍ അല്ലറ ചില്ലറ പരാതികള്‍. അടുത്ത ദിവസം സീതാര്‍കുണ്ടിലേയ്ക്ക് പോകാനായി എത്താമെന്ന ഉറപ്പില്‍ നേരെ കരടി ബംഗ്‌ളാവിലേയ്ക്ക്.
Content Highlights: karadi bungalow nelliyampathy travel destination great indian hornbill