ആയിരക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകളുടെ മഹാദേശാടനം; ഗ്രേറ്റ് മൈഗ്രേഷന്‍ കാണാന്‍ മസായിമാരയിലേക്ക് പോകാം

എല്ലാ ഫോട്ടോഗ്രാഫര്‍മാരുടെയും പരിസ്ഥിതി സ്‌നേഹികളുടെയും വന്യമായ സ്വപ്‌നങ്ങളിലൊന്നാണ് കെനിയയിലെ മസായിമാര കാടുകളിലേക്കുള്ള യാത്ര. ആധുനികലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ആഫ്രിക്കന്‍ കാട് ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകള്‍ നിരവധിയാണ്. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍. നൂറായിരം വന്യജീവികള്‍. അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഏതൊരാള്‍ക്കും സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന വിസ്മയലോകം. എന്നാല്‍ ഇതിനുമൊക്കെ അപ്പുറം അത്യൂപൂര്‍വമായ അതിമനോഹരമായ ഒരു കാഴ്ചകൂടെ മസായിമാര കരുതിവെക്കുന്നുണ്ട്. മൃഗങ്ങളുടെ മഹാദേശാടനം അഥവാ Masai Mara Great Migration.
ഈ മനോഹരകാഴ്ച കാണാനും പകര്‍ത്താനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ഒഴുകിയെത്തുന്നു. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഹാദേശാടനക്കാലം. ടാന്‍സാനിയയില്‍ മണല്‍നദി കടന്ന് നിന്നും ആയിരക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകളും സീബ്രകളുമെല്ലാം കെനിയയിലെ മസായിമാരയിലേക്ക് കൂട്ടത്തോടെ ഭക്ഷണവും വെള്ളവും തേടി പലായനം ചെയ്തെത്തുന്നതിനെയാണ് മസായിമാരയിലെ മഹാദേശാടനമെന്നറിയപ്പെടുന്നത്.
മാരാനദി കടന്ന് മസായിമാരയുടെ വലിയ ലോകത്തേക്ക് ഈ മൃഗങ്ങള്‍ പ്രവേശിക്കും. മാരാനദി കടക്കുമ്പോള്‍ പിടിക്കാന്‍ മുതലകള്‍ കാത്തിരിപ്പുണ്ടാവും. നദികടന്നാല്‍ സിംഹവും പുലിയും ചീറ്റപ്പുലിയും. വേട്ടയാടി ബാക്കിയായ അവശിഷ്ടങ്ങള്‍ തേടി കഴുകന്മാര്‍ വട്ടമിട്ട് പറക്കും. ആക്ഷന്‍ ഫോട്ടോകള്‍ കിട്ടാന്‍ ഫോട്ടോഗ്രാഫര്‍മാരും ഇവിടെ പതുങ്ങിയിരിക്കും. മസായി മാരയിലെ ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നത് ഈ മൈഗ്രേഷനാണ്. ഈ മൈഗ്രേഷന്‍ ഭൂമിയിലെ ഏറ്റവും വലിയ പ്രതിഭാസങ്ങളിലൊന്നാണെന്ന് മാത്രമല്ല അത് എല്ലാ വര്‍ഷവും സ്ഥിരമായി നടക്കുന്ന ഒന്നുകൂടിയാണ്.
മസായിമാരയിലെ ഈ മഹാദേശാടനം കാണാന്‍ ഏറ്റവും മികച്ച സമയമാണിത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ അപ്പുറത്താണ് മസായി മാര. കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു സംരക്ഷിത വനമേഖലയാണിത്. നെയ്റോബിയില്‍നിന്ന് റോഡ്മാര്‍ഗം യാത്രചെയ്താല്‍ ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്താനാവും. ലാന്‍ഡ്സ്‌കേപ്പുകള്‍ അത്രയും മനോഹരമാണ്. മസായ്മാര എത്തുന്നതിന് മുന്‍പ് കണ്‍കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ലഭിക്കുന്ന ഗ്രേറ്റ് റിഫ്റ്റ് വാലിയുണ്ട്.
Content Highlights: Great Migration in Masai Mara Kenya Wildlife destinations in Africa