വിദേശരാജ്യങ്ങള്‍ തോറ്റുപോകും; ഈ മലയോരം വയനാട്ടിലാണെന്ന് എത്രപേര്‍ക്കറിയാം!

#രമേഷ്‌കുമാര്‍ വെളളമുണ്ട
ബാണാസുരമലകള്‍ | ഫോട്ടോ: രാജേഷ് പി.വി
ബാണാസുരമലകള്‍ | ഫോട്ടോ: രാജേഷ് പി.വി
മഞ്ഞിനെയും മഴയെയും പ്രണയിക്കുന്നവര്‍ക്ക് ബാണാസുരമല വിസ്മയമാണ്. വിനോദ സഞ്ചാരത്തിന്റെ പുതുവഴികളിലേക്ക് ഈ മലയോരം കാത്തിരിക്കുകയാണ്......

ആകാശ പന്തലില്‍ മഴമേഘങ്ങള്‍ പെരുമ്പറ കൊട്ടുമ്പോള്‍ അതിന് താഴെ മഴയുടെ മഹോത്സവമാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ മഴയുടെ നൂലിഴകളില്‍ ബാണാസുര മലയിലേക്ക് യാത്രപോകാം. തെരുവപുല്ലുകള്‍ തിരുമുടി കെട്ടിയ മലയുടെ നെറുകയില്‍ നിന്നും വിദൂരങ്ങളിലേക്ക് മഴ നനഞ്ഞ് കൈകള്‍ നീട്ടാം. പച്ചപ്പുനിറഞ്ഞ പുല്‍മേടുകളില്‍ നിന്നും ഇടവഴികളിലൂടെ മലയോരങ്ങളിലൂടെ സഞ്ചരിക്കാം. വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ തെളിഞ്ഞുവരുന്ന താഴ് വാരങ്ങളിലേക്ക് കണ്ണുപായിച്ചും കാറ്റിനോട് കഥപറഞ്ഞും നടക്കാം. വയനാടിന്റെ കുളിരിന് കാലങ്ങളായി കാവല്‍ നില്‍ക്കുകയാണ് ഈ അസുര പര്‍വ്വതം. 

ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിന്റെയും സാഹസിക വിനോദ സഞ്ചാരത്തിന്റെയും വയനാടന്‍ ഭൂപടത്തില്‍ എന്നോ ഇടം പിടിക്കേണ്ടിയിരുന്ന ഈ മലനിരകള്‍ കാഴ്ചകളുടെയും കലവറയാണ്. ചോലവനങ്ങളും പുല്‍മേടുകളും ധാരാളമായുള്ള മലയോരങ്ങളില്‍ ഒരു മഴക്കാലം പതിയെ തലോടി തുടങ്ങിയിരിക്കുന്നു. ഇടവിട്ട് വെയില്‍ കൂടി ചേരുന്നതോടെ നീലാകാശത്തിന്റെ തെളിമയില്‍ ബാണാസുരമലയോരത്തിന് ഒന്നുകൂടി നിറചാര്‍ത്തായി. മഴക്കാലത്ത് കാട്ടരുവിയുടെയും താളമായി. വലിയ പാറക്കെട്ടുകളില്‍ നിന്നും ആര്‍ത്തലച്ച് താഴ് വാരങ്ങളിലേക്ക് തല തല്ലിപ്പായുന്ന അരുവികളുടെയും നിലയ്ക്കാത്ത ആരവമാണ് മഴക്കാലത്ത് ബാണാസുരമലയുടെ വരവേല്‍പ്പുകള്‍. വയനാടിന്റെ പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് ബാണാസുരമലയുടെ കാവല്‍. നേരെ എതിര്‍വശത്തായുള്ള ചെമ്പ്രമലയിലേക്ക് കാഴ്ചകള്‍ കൂര്‍പ്പിക്കുന്ന ഈ മലനിരകള്‍ സാഹസിക സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ്. '

യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

സഞ്ചാരികള്‍ക്കായി ബാണാസുരമലയില്‍ ഇപ്പോള്‍ റിസോര്‍ട്ടുകളുമുണ്ട്. ഇവിടെ തങ്ങി കാഴ്ചകള്‍ മതിവരുവോളം ആസ്വദിക്കാം. മഴയോടൊപ്പം കോടമഞ്ഞും തണുപ്പും  തൊട്ടറിയാം. പശ്ചിമഘട്ടത്തിന്റെ വശ്യതയില്‍ സായ്ഹാനങ്ങളും പുലര്‍കാലങ്ങളും ആസ്വദിക്കാം. സുമദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തോളമുള്ള ചെമ്പ്ര മലനിരകളും ബാണാസുര, ബ്രഹ്‌മിഗിരി മലനിരകളും ചേര്‍ന്നാതാണ് വയനാടെന്ന ഭൂതലം. മഴക്കാലത്തും വേനല്‍ക്കാലത്തും സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഈ മലനിരകളുടെ താഴ് വാരങ്ങളെല്ലാം അതിഥി മന്ദിരങ്ങള്‍ കൊണ്ടും നിറയുകയാണ്. 

പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകളെ പുണരുന്ന ഈ മലനിരകളും പുല്‍മേടുകളും വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം തേടാനുള്ള കാത്തിരിപ്പിലാണ്. സാഹസിക വിനോദ സഞ്ചാരത്തിന്റെയും ട്രക്കിങ്ങ് സാധ്യതകളുടെയും വഴികളെ കോര്‍ത്തിണക്കിയാല്‍ ബാണാസുര ടൂറിസം ജില്ലയുടെ വേറിട്ട അനുഭവങ്ങളില്‍ ഒന്നാകും. ഖനനമാഫിയകളുടെ പിടിയില്‍ നിന്നും വിടുതല്‍ നേടിയ ബാണാസുരമലനിരകള്‍ ഇപ്പോള്‍ ശാന്തമാണ്. കാതടപ്പിക്കുന്ന പ്രകമ്പനങ്ങള്‍ പെരുമ്പറകൊട്ടിയ പാറമടകള്‍ പലതും ജലാശയമായി മാറി. പൊടി പടലങ്ങളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രകൃതിയെല്ലാം പച്ചപ്പണിഞ്ഞു. പരാതികളും പോരാട്ടങ്ങളും സമരങ്ങളുമില്ല. പതിറ്റാണ്ടുകളായി മലമുകളിലേക്ക് ഇരമ്പിയെത്തിക്കൊണ്ടിരിക്കുന്ന ടിപ്പര്‍ ലോറികളുമില്ല. പ്രദേശവാസികളുടെ പ്രതിഷേധത്തിലും കോടതി ഉത്തരവിനെ തുടര്‍ന്നുമാണ് ഏറ്റവും ഒടുവിലായുള്ള പാറമടകളും ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്. സൈ്വര്യജീവിത വഴികളില്‍ ബാണാസുരമലനിരകള്‍ പ്രകൃതി സൗഹദ വിനോദ സഞ്ചാരത്തിന്റെ പുതുവഴികളാണ് സ്വപ്നം കാണുന്നത്. വാളാരംകുന്ന്, പെരുങ്കുളം, ഉറക്കംചോല, മീന്‍മുട്ടി, മംഗലശ്ശേരിമല, ചിറപ്പുല്ല് മല എന്നിവയെല്ലാം സംയോജിപ്പിച്ച് സഞ്ചാരികള്‍ക്കായി ഒരു യാത്രാറൂട്ടിനുള്ള സാധ്യതയാണ് നാട് പങ്കുവെക്കുന്നത്. കാപ്പിക്കളത്തും ചിറപ്പുല്ലിലും വനം വകുപ്പ് ട്രക്കിങ്ങ് തുടങ്ങിയിരുന്നു. പാറമടകളുടെ ആധിക്യം നിമിത്തമാണ് ഈ ബാണാസുരമലനിരകള്‍ വിനോദ സഞ്ചാര സാധ്യതകളെ ഒരു കാലത്ത് കൈവിട്ടത്. 

വളഞ്ഞും പുളഞ്ഞും വഴികള്‍ 

ബപ്പനം വഴിയും ആലക്കണ്ടി, പുളിഞ്ഞാല്‍ വഴിയും ബാണാസുരമലയിലേക്ക് പ്രവേശിക്കാം. മലയുടെ പകുതിയോളം വരുന്ന ഭാഗങ്ങളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. വാളാരം കുന്നാണ് ഏറ്റവും ഉയരത്തിലുള്ള ജനവാസ മേഖല. ഇവിടെ നിന്നും മുകളിലോട്ട് കയറണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിന് താഴേക്കുള്ള  സ്ഥലങ്ങള്‍ തന്നെ ഏറെ ആകര്‍ഷകമാണ്. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകള്‍ പിന്നിടണം.  ബാണാസുരന്റെ സാങ്കല്പ്പികമായ ഈ കോട്ടകൊത്തളങ്ങളുടെ പ്രൗഡിയിലാണ് ഈ ഗിരിപര്‍വ്വതം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞുനിര്‍ത്തി താഴ് വാരങ്ങളെ മഴയില്‍ കുളിപ്പിക്കുന്നതും ഈ മലനിരകളാണ്. കുത്തനെയുള്ള മലനിരകളെ പിന്നിട്ട് താഴേക്ക് പതിക്കുന്ന കാട്ടരുവികള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ മാത്രമുള്ള മലയോരങ്ങള്‍, കാറ്റ് വീശുന്ന കുന്നിന്‍ മുനമ്പുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ബാണാസുരമലനിരകള്‍. പകല്‍ സമയങ്ങളിലും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന ഉറക്കം ചോലയെന്ന ചോലവനവും ആകര്‍ഷകങ്ങളാണ്. 

പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരി ജൈവമണ്ഡലത്തില്‍ കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ടയും.  വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ഷോലെ വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇക്കോ ടൂറിസം നടപ്പാക്കാന്‍  ഉദ്ദേശിക്കുന്നവയുടെ കൂട്ടത്തില്‍ ഈ മലനിരകളെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഒടുവില്‍ പ്രതീക്ഷ. ബാണാസുരമലയോരങ്ങളും ബാണാസുര അണക്കെട്ടും ചേര്‍ത്ത് വിനോദ സഞ്ചാര സാധ്യതകള്‍ വിപുലപ്പെടുത്താം. സാഹസിക വിനോദ സഞ്ചാരത്തിനും ഈ മലനിരകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. ചീങ്ങേരിയിലേത് പോലെയുള്ള ട്രക്കിങ്ങ് കേന്ദ്രങ്ങള്‍ ഇവിടെയും വിപുലപ്പെടുത്താം. 

കാഴ്ചകളുടെ മലയോരം

മഴക്കാലത്തും മഞ്ഞുകാലത്തും വേനല്‍ക്കാലത്തുമെല്ലാം ബാണാസുരമലയ്ക്ക് വിഭിന്ന ഭാവങ്ങളാണ്. വയനാടന്‍ ഭൂതലത്തിന്റെ പൂര്‍ണ്ണമായതും വിശാലമായതുമായ കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്ന അനേകം പോയിന്റുകളാണ് ഈ മലയുടെ വേറിട്ട കാഴ്ചകള്‍. ഇടവിട്ട് പുല്‍മേടുകളും ചോലവനങ്ങളുമുണ്ട്. കത്തുന്ന വെയിലിലും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ഇവിടുത്തെ ചേലവവനങ്ങള്‍ വിസ്മയമാണ്. രണ്ടായിരത്തിലധികം അടിയില്‍ നിന്നും കുത്തിയൊഴുകുന്ന കാട്ടരുവികളുടെ ഹുങ്കാരങ്ങള്‍ മഴക്കാലത്ത് താഴ് വാരങ്ങളിലേക്ക് അലയടിക്കുന്നു. അരികിലായി കാറ്റുകുന്നും മീന്‍മുട്ടിയും ബാണാസുരമലയിലെ ആകര്‍ഷണങ്ങളാണ്. കാപ്പിക്കളത്തുള്ള മീന്‍മുട്ടി വെളളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വനം വകുപ്പ് വികസിപ്പിച്ചിട്ട് ഏറെയായിട്ടില്ല. ഇതിനോട് ചേര്‍ന്ന് തന്നെ കാറ്റുകുന്ന് ട്രക്കിങ്ങ് സൗകര്യവും വനം വകുപ്പ് ഒരുക്കിയിരുന്നു. പ്രതിവര്‍ഷം പതിനായിരക്കണക്കിന് സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കര്‍ണ്ണാടകയില്‍ നിന്നും മറ്റുമുള്ള ഇതര സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂടുതലായി എത്തിക്കൊണ്ടിരുന്നത്. 

വനം വകുപ്പ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതിന്റെ പട്ടികയില്‍ മീന്‍മുട്ടിയും ഉള്‍പ്പെട്ടതോടെ ഇവിടേക്കും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. പുളിഞ്ഞാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം, മംഗലശ്ശേരിമലയിലെ ചിറപ്പുല്ല് ട്രക്കിങ്ങ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ബാണാസുരമല കേന്ദ്രീകരിച്ച് പ്രകൃതിയെ നോവിക്കാത്ത ഒരു ഇക്കോ ടൂറിസം ശ്രേണി രൂപപ്പെടുത്താന്‍ കഴിയും. വയനാട് ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള വ്യുപോയിന്റ് ബാണാസുരമലയുടെ നെറുകയിലുണ്ട്. എന്നാല്‍ ഇക്കാലമത്രയും ഈ പോയിന്റ് സഞ്ചാരികളില്‍ നിന്നും ഏറെ അകലെയാണ്. ഒരേ സമയം വയനാടന്‍ സമതലത്തിലേക്കും എതിര്‍ഭാഗത്തുള്ള താഴെ നാടുകളിലേക്കും ഇവിടെ നിന്നും കണ്ണയക്കാന്‍ കഴിയും. ചെങ്കുത്തായ ഈ മുനമ്പുകളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയും ശ്രമവും ഉണ്ടാവുകയാണെങ്കില്‍ വയനാട്ടില്‍ സാഹസിക വിനോദ സഞ്ചാരത്തിന്റെ മറ്റൊരിടമായി ഇവിടം ശ്രദ്ധനേടും.

Content Highlights: banasura hills trekking wayanad padinjarathara eco tourism