ബദാമി; പാറകൾ തുറന്നെടുത്ത സ്വർഗം, ചുവപ്പുരാശിയിൽ വിസ്മയമായി ചാലൂക്യചരിത്രം

#രമേഷ്‌കുമാര്‍ വെളളമുണ്ട
ബദാമി
ബദാമി

സന്ധ്യാ വന്ദനം ചെയ്യുകയായിരുന്ന ബ്രഹ്മാവിന്റെ അരികിലെത്തി ഇന്ദ്രന്‍ ഒരു ആവശ്യം പറഞ്ഞു. ഉത്തമനായ ഒരു യോദ്ധാവിനെ വേണം. ആവശ്യപ്പെട്ടതുപ്രകാരം ബ്രഹ്‌മാവ് തന്റെ കൈക്കുടന്നയിലെ ജലത്തില്‍ നിന്നും ഒരു യോദ്ധാവിനെ സൃഷ്ടിച്ചു. ഇതായിരുന്നു ചാലൂക്യരുടെ പൂര്‍വികന്‍. ഭൂമിയില്‍ ഇവര്‍ ഒരു സ്വര്‍ഗ്ഗമുണ്ടാക്കി. അതാണ് ബദാമി. 1400 വര്‍ഷത്തിലധികം പഴക്കമുള്ള ബദാമിയിലെ ചുവന്ന് തുടുത്ത കൂറ്റന്‍ പാറതുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ ചാലൂക്യരുടെ പടയോട്ടം കാതുകളില്‍ ഇരമ്പുന്നു. കാലം ചിറകടിച്ച് പറന്നുപോയ ഗുഹാമുഖങ്ങളില്‍ നിന്നും ആള്‍ പെരുമാറ്റമറിഞ്ഞ് കടവാതിലുകളില്‍ കൂട്ടത്തോടെ ചിതറി അകലുന്നു. കണ്ണാടി പോലെ മിനുസ്സമായ കല്‍പ്പടവുകള്‍ കയറി ബദാമിയെ നൂറ്റാണ്ടുകള്‍ക്കിപ്പുറം സഞ്ചാരികള്‍ തൊട്ടറിയുന്നു. ഈ ക്ഷേത്രം ഇതാ തൊട്ടു മുന്നില്‍ വതിലുകളില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു.

ഹൂബ്ലിയില്‍ നിന്നും നൂറു കിലോമീറ്ററലധികം പിന്നിട്ട് ബീജാപ്പൂര്‍ ഹൈവേയിലൂടെയായിരുന്നു ബദാമിയിലേക്കുള്ള യാത്ര. പുതുക്കിയ പാതയിലെ ടോള്‍ബൂത്തുകള്‍ പിന്നിട്ട് തിരക്കൊഴിഞ്ഞ റണ്‍വേയിലൂടെ ബഹുദൂരം. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക്. കക്കിരിയും ചോളവുമെല്ലാം താലത്തിലാക്കി വില്‍പ്പന നടത്തുന്ന സ്ത്രീകളുടെ സംഘങ്ങള്‍ മാത്രം ചില കവലകളിലുണ്ട്. തുറന്നു വെച്ച ചില പെട്ടികള്‍ക്കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒന്നുമില്ല. വേനലിന്റെ ആലസ്യത്തില്‍ ചെറിയ തണലുകളില്‍ വണ്ടിക്കാളകള്‍ വിശ്രമിക്കുന്നു. ഇവരെയെല്ലാം പിന്നിട്ട് ഒരു കുന്നിറങ്ങി വിശാലമായ  ഗ്രാമത്തിലേക്ക് വാഹനമെത്തി. ദൂരെ നിന്നും നോക്കുമ്പോള്‍ ഒരു ക്രിക്കറ്റ് മൈതാനവും അതിനെ അതിരിടുന്ന ഗാലറിയും പോലെ മലനിരകള്‍. പേരിനു പോലും വലിയ മരക്കൂട്ടങ്ങളും പച്ചപ്പും ഒന്നുമില്ലാത്ത ചുവന്ന ഭൂതലം. ദൂരക്കാഴ്ചയില്‍ ഇങ്ങനെയാണ്  ബദാമി. മദ്ധ്യ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ചരിത്രം അടയാളപ്പെടുത്തിയ ചാലൂക്യരുടെ ആസ്ഥാനം. ഇന്ത്യയെന്ന വൈവിധ്യത്തിന്റെ ഏറ്റവും പുരാതനമായ ഏടുകളിലൊന്നാണിത്.

Content Highlights: Badami cave temples karnataka travel destination

Continue reading