മുഖ്യമന്ത്രിയുടെ ആരാധികയായി അസ്‌ന; കാണാൻ അവസരമുണ്ടാക്കാമെന്ന് മന്ത്രി ജനീഷ്

അസ്‌ന ഷെറിനെ മന്ത്രി ഒ.ജെ. ജനീഷ് ഓഫീസിന്റെ മുറ്റത്തെത്തി കാണുന്നു
അസ്‌ന ഷെറിനെ മന്ത്രി ഒ.ജെ. ജനീഷ് ഓഫീസിന്റെ മുറ്റത്തെത്തി കാണുന്നു

മാള: എനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഒന്നുകാണണം, വെറുതെ കണ്ടു സംസാരിച്ചാൽ മാത്രം മതി. അത് വി.ഡി. സതീശൻ മുഖ്യമന്ത്രി ആയതുകൊണ്ടല്ല, പുസ്തകവായനയും അതിലൂടെ നേടിയ അറിവ് പ്രഭാഷണ ശൈലിയിലൂടെ അവതരിപ്പിക്കുന്നത് സ്ഥിരമായി കേട്ടും കണ്ടും തുടങ്ങിയ ആരാധനയാണ്. പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴും ആഗ്രഹിച്ചിരുന്നു. അന്നുമുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഒന്നു നേരിൽ കാണണമെന്നത്. എസ്.എം.എ. രോഗം ബാധിച്ച അസ്നാ ഷെറിൻ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനുള്ള ആഗ്രഹം മന്ത്രി ഒ.ജെ. ജനീഷുമായി പങ്കുവച്ചത് ഇങ്ങനെയായിരുന്നു. മുഖ്യമന്ത്രിയെ കാണുന്നതിന് തിരുവനന്തപുരത്തേക്ക് വരാനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്തതിനാൽ അതിനെ വിലക്കിയ ജനീഷ് പറവൂരിൽ വച്ച് അവസരമുണ്ടാക്കാമെന്ന് അസ്‌നയ്ക്ക് ഉറപ്പുനൽകി. എസ്.എം.എ. രോഗം ബാധിച്ചവർക്കുള്ള സൗജന്യ മരുന്ന് ലഭിക്കുന്നതിനുള്ള പ്രായപരിധി പന്ത്രണ്ട് എന്നത് ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും മന്ത്രി ഒ.ജെ. ജനീഷ് ഉറപ്പുനൽകി. പ്രതിമാസം ചികിത്സയ്ക്കായി 40,000 ത്തോളം രൂപ ചെലവ് വരുമെന്നും ഇത്രയും വലിയ തുക കുടുംബത്തിന് താങ്ങാൻ കഴിയില്ലെന്നും അസ്‌ന മന്ത്രിയോട് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഞായറാഴ്ച രാവിലെ മന്ത്രിയുടെ മാളയിലെ ക്യാമ്പ് ഓഫീസിന്റെ മുറ്റത്ത് വീൽച്ചെയറിൽ എത്തിയ അസ്‌നയെ കാണാൻ ജനീഷ് അടുത്തെത്തി. സിവിൽ സർവീസ് മോഹവുമായി പരിശീലനം തുടരുന്ന അസ്‌ന ചാലക്കുടി എസ്.എച്ച്. കോളേജിലെ ബിരുദ വിദ്യാർഥിയാണ്. സ്ക്രൈബിന്റെ സഹായമില്ലാതെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അസ്‌നയ്ക്ക് പ്ലസ്‌ടുവിന്‌ ഒരു മാർക്ക് മാത്രമാണ് നഷ്ടമായത്. നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുള്ള അസ്‌ന ഷെറിന് ഉജ്വല ബാല്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വീൽച്ചെയറില്ലാതെ നീങ്ങാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്നതിനിടയിലും വരയിലും എഴുത്തിലും മികവ് തെളിയിച്ച അസ്‌ന നല്ല വായനക്കാരികൂടിയാണ്. മകളുടെ രോഗാവസ്ഥയിൽ താങ്ങും തണലുമാകുന്നതിന് ജോലി ഉപേക്ഷിച്ച അനീസും പിതാവ് ഷിയാദും ഓരോ മാസവും ചികിത്സാച്ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.

Content Highlights: Minister O. J. Janeesh promises SMA patient Asna Sherin an opportunity to meet the Chief Minister and raise free medicine age limit concerns.