അകമലയിൽ ഗ്യാങ്മാൻമാർക്കായി ഹട്ട്

വടക്കാഞ്ചേരി : കാലവർഷം കനത്താൽ മണ്ണിടിയാനുള്ള സാധ്യത മുന്നിൽക്കണ്ട് 24 മണിക്കൂറും ഗ്യാങ്മാൻമാരെ അകമലയിൽ നിയോഗിച്ച് റെയിൽവെ. അകമല മേൽപ്പാലത്തിനു സമീപം റെയിലോരത്ത് ഗ്യാങ്മാൻമാർക്ക് വിശ്രമിക്കാനുളള ഹട്ട് നിർമാണം പൂർത്തിയായി.

റെയിൽവെ ലൈനിന്റെ പാർശ്വഭിത്തിയുടെ ബലക്ഷയം ഒഴിവാക്കാൻ കോടികളുടെ ജോലികളാണ് റെയിൽവേ എൻജിനീയറിങ് വിഭാഗം അകമലയിൽ നടത്തിയത്. കനത്ത മഴയിൽ പാർശ്വഭിത്തി ഇടിഞ്ഞ് മലവെള്ളം ഒലിച്ചെത്തി ഒരു വർഷം മുന്നെ അകമലയിൽ റെയിൽപ്പാളത്തിലെ മെറ്റലും മണ്ണും ഒലിച്ചുപോയി അഞ്ചു മണിക്കൂർ റെയിൽഗതാഗതം തടസ്സപ്പെട്ടിരുന്നു.

തുടർന്നാണ് അതിവേഗം ഭിത്തി സംരക്ഷണപ്രവൃത്തികൾ നടന്നത്. ഉത്രാളിക്കാവിന്റെ പിൻവശത്തെ ഭിത്തിസംരക്ഷണ ജോലികൾ പുരോഗമിക്കുകയാണ്. വനത്തിൽനിന്നുള്ള ഉറവ പാളത്തിലേക്കെത്തുന്നത് ഒഴുകിപ്പോകാൻ വലിയ കാന റെയിൽവേ നിർമിച്ചിട്ടുണ്ട്. വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകൾ വേഗത കുറച്ചാണ് ഇവിടെ കടന്നുപോകുന്നത്. മുഴുവൻസമയം നിരീക്ഷണത്തിന് ഗ്യാങ്മാനെയും നിയോഗിച്ചു.