കോടാലിയിൽ രാത്രി ചികിത്സ ഇന്നുമുതൽ പുനരാരംഭിക്കും

മൂന്നുപേർ രാജിവെച്ചതോടെയാണ് രാത്രി ചികിത്സ മുടങ്ങിയത്‌

കോടാലി : മറ്റത്തൂർ പഞ്ചായത്തിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യകേന്ദ്ര (കോടാലി ഗവ. ആശുപത്രി) ത്തിൽ ചൊവ്വാഴ്ച മുതൽ രാത്രി ചികിത്സ പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് എം.വി. റോഷ്. മാർച്ച് 31-ന് മൂന്ന് ജൂനിയർ ഡോക്ടർമാർ രാജി വച്ചതോടെയാണ് രാത്രി ചികിത്സ മുടങ്ങിയത്. രാത്രി ഷിഫ്റ്റിന് ആവശ്യമായ ഡോക്ടർമാർ ഇല്ലാതെ വന്നതോടെ സേവനം രാവിലെ ഒമ്പത് മുതൽ രാത്രി ഏഴുവരെയാക്കി ചുരുക്കി.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പുതിയ ഡോക്ടർമാരെ നിയമിക്കാൻ സാധിച്ചില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സംഘടനകൾ തുടങ്ങിയവർ നിരവധി പരാതികളാണ് നൽകിയത്. ദിവസം 400 മുതൽ 450 വരെ രോഗികളാണ് ഒ.പി.യിൽ എത്തുന്നത്.

എന്നാൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരരെയും നിയമിക്കാത്തതും നിയമിക്കുന്നവർ വേഗം മതിയാക്കി പോകുന്നതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഉൾവനത്തിലെ ഊരുകളിൽനിന്നുള്ളവർ ഉൾപ്പെടെ ചികിത്സ തേടുന്ന ആശുപത്രിയിൽ രാത്രി ചികിത്സ പുനരാരംഭിക്കാത്തതിലെ ബുദ്ധിമുട്ട്‌ മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

നാല് ഡോക്ടർമാരെയാണ് പുതുതായി നിയമിച്ചത്. ഇതോടെ എട്ട് ഡോക്ടർമാരും ഒരു സൂപ്രണ്ടുമായി ശേഷി ഉയർന്നു.

24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി മാറുന്നതോടെ മലയോര മേഖലയിലെ രോഗികൾക്ക് വലിയ ആശ്വാസമാകും.