കാട്ടൂരിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

ഷെൽട്ടർ നിർമിക്കാൻ സ്ഥലം തേടി പഞ്ചായത്ത്
കാട്ടൂർ: പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഷെൽട്ടർ നിർമിക്കാൻ സ്ഥലംതേടി ഗ്രാമപ്പഞ്ചായത്ത്. കാട്ടൂർ സെന്ററിൽ അൽബാബ് സ്കൂൾ ജങ്ഷൻമുതൽ ബാറുവരെ കൊട്ടക്കടവ് പാലത്തിനു സമീപത്തുമെല്ലാം നിരവധി തെരുവുനായ്ക്കളാണ് കൂട്ടംകൂടിനിന്ന് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയുയർത്തുന്നത്.
കൊട്ടകടവ് പാലത്തിനു സമീപം റോഡരികിൽത്തന്നെ പത്തോളം നായ്ക്കളാണ് വസിക്കുന്നത്. കാട്ടൂർ സെന്ററിനടുത്തുള്ള സ്കൂൾജങ്ഷൻ മുതൽ ബാറുവരെ രാത്രികാലങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് ഇവയുടെ ശല്യംമൂലം അപകടത്തിൽപ്പെടുന്നത്. പഞ്ചായത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരത്തിൽ നായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിവരുകയാണ്. നേരത്തേ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിന് ഒരു സെന്ററുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം അത് ഉപേക്ഷിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്തുതലത്തിൽ ഡോഗ്ഷെൽട്ടർ വേണമെന്നാണ് സർക്കാർ നിർദേശം.
ഈ സാഹചര്യത്തിലാണ് ഷെൽട്ടർ നിർമിക്കുന്നതിനനുയോജ്യമായ സ്ഥലം നൽകാൻ തയ്യാറുള്ളവർ നവംബർ 19-നകം ഇതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം സമ്മതപത്രം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്.