കാൽപ്പന്തിൽനിന്ന് അരങ്ങിലേക്ക്‌; ദുരന്തം പിന്നിട്ട കാലം

#എം.ബി. ബാബു

തൃശ്ശൂർ: ബോധംവന്നപ്പോൾ കേട്ട ചോദ്യം വീണ്ടും ബോധംകെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ‘‘കാൽമുട്ടിന് നല്ല പരിക്കുണ്ട്, സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമാണ്.’’ -പറഞ്ഞത് േഡാക്ടറാണെന്നും കിടക്കുന്നത് ആശുപത്രിയിലാണെന്നും അപ്പോഴാണ് മനസ്സിലായത്. ചടുലമായ കാലുകൾ ഇനിയുണ്ടാകില്ലെന്ന സൂചനയാണ് തന്നത്.

മികച്ച ഫുട്േബാളർ ആകേണ്ടിയിരുന്ന ഇറാൻകാരൻ മൊഹമ്മദ് ഖെസേലി, ജീവിതം മാറിമറിഞ്ഞ അപകടത്തെക്കുറിച്ച് തൃശ്ശൂരിലെ സ്കൂൾ ഒാഫ് ഡ്രാമയിൽവെച്ച് വിവരിക്കുന്നത് ഒട്ടും വിഷമമില്ലാതെയാണ്. നാടകാവിഷ്കാരത്തിനായി എത്തിയതാണ് അദ്ദേഹം. ജീവിതം മാറിയതോടെ പുതിയ പേരും അദ്ദേഹം സ്വീകരിച്ചു. ഫുട്ബോളറിലെ മൊഹമ്മദ് ഖെസേലി എന്ന പേരിൽനിന്ന് പ്രശസ്ത തിയേറ്റർ കലാകാരനായിമാറിയപ്പോൾ ഡോ. എം.ഡി. നൂറൺ ആയി. കാറപകടമാണ് ജീവിതം മാറ്റിയത്, കൂടെയുണ്ടായിരുന്ന അഞ്ചു കളിക്കാരും മരിച്ച അപകടം.

16 വയസ്സായപ്പോഴേക്കും തെഹ്റാനിലെ ഇറാനിയൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എസ്റ്റെഗ്‍ലാൽ എഫ്.സി.യിൽ കളിക്കാരനായി മൊഹമ്മദ് ഖെസേലി. രണ്ടുവർഷ നിർബന്ധിത സേനാസേവനംപോലും ഇറാൻ ഖെസേലിക്കായി ഒഴിവാക്കിക്കൊടുത്തു. അപകടത്തെത്തുടർന്ന് കളി ഇനിയുണ്ടാകില്ലെന്ന് ശരീരം മുന്നറിയിപ്പ് നൽകിയതോടെ ഇറാനിലെ അറക് യൂണിവേഴ്സിറ്റിയിൽ തിയേറ്റർ ആർട്സ് ബിരുദത്തിന് ചേർന്നു. ഇന്ത്യയുടെ വൈവിധ്യം അറിഞ്ഞതോടെ ബിരുദാനന്തരബിരുദം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലാക്കി. അറക് യൂണിവേഴ്സിറ്റിയിൽ ജൂനിയറായി പഠിച്ചിരുന്ന സനാസിനെ ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് ക്ഷണിച്ചു. പഠനശേഷം ജീവിതത്തിലേക്കും. തുർക്കിയിൽ താമസമാക്കിയ ഇവർക്ക് ആരിയോ, അർത്തമിസ് എന്നീ മക്കളുണ്ട്. നർത്തകിയും കോറിേയാഗ്രാഫറുമാണ് സനാസ്. 2022-ൽ തുർക്കിയിലെ ഇജ് സർവകലാശാലയിൽനിന്ന് അഭിനയത്തിൽ ഗവേഷണ ബിരുദവും നേടി നൂറൺ.

ഇറാനിലും തുർക്കിയിലും പൗരത്വമുണ്ടെങ്കിലും ഇന്ത്യയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാനാണ് ആഗ്രഹം. നാനാത്വത്തിലെ ഏകത്വമാണ് പ്രധാന ആകർഷണം. മികച്ച സംസ്കാരം ഇന്ത്യയിലുണ്ട് -അദ്ദേഹം പറയുന്നു. അടുത്തിടെ സനാസിന്റെ ആറ് ഉറ്റബന്ധുക്കൾ യുദ്ധത്തിൽ മരിച്ചതായും യഥാർഥ മരണക്കണക്കുകൾ ഇറാൻ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറയുന്നു.