പൊറത്തൂച്ചിറ കെട്ടിയില്ല കർഷകർ ഷട്ടറുകൾ അടച്ചു

പൊറത്തിശ്ശേരി : ചിറ കെട്ടാൻ വൈകുന്നതിൽ ആശങ്കയിലായ കർഷകർ ചിറയുടെ ഷട്ടറുകളിട്ട് വെള്ളം തടഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ ആറു വാർഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂച്ചിറയുടെ ഷട്ടറുകളാണ് വ്യാഴാഴ്ച രാവിലെ കർഷകർ താഴ്ത്തിയിട്ടത്. നഗരസഭ 36-ാം വാർഡിൽ സ്ഥിതിചെയ്യുന്ന പൊറത്തൂച്ചിറ സാധാരണ കന്നിമാസം പത്താം തീയതിയോടെ കെട്ടേണ്ടതാണ്.
എന്നാൽ വൃശ്ചികം പത്ത് കഴിഞ്ഞിട്ടും ഇതുവരേയും ചിറകെട്ടാൻ നഗരസഭ അധികാരികൾ തയ്യാറാകാതായതോടെയാണ് കർഷകർ നേരിട്ട് രംഗത്തിറങ്ങിയത്.
തളിയക്കോണം, പുറത്താട്, കലാസമിതി തുടങ്ങി സമീപത്തെ നാനൂറ് ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ നെൽകൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പലയിടത്തും ഞാറിട്ടു തുടങ്ങി.
ബുധനാഴ്ച വൈകീട്ട് മഴ പെയ്തതോടെ ഞാറിട്ട പാടങ്ങളെല്ലാം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് ഷട്ടറിട്ടതെന്ന് കർഷകർ പറഞ്ഞു.
നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം മുഴുവൻ വന്നുചേരുന്നത് ഈ ചിറയിലാണ്. വരമ്പ് വെക്കാനും നിലം ഒരുക്കാനും നടീലിനും ജോലിക്കാർക്കുമായി ഒരേക്കറിന് 25,000 രൂപ കർഷകന് ചെലവ് വരുന്നുണ്ട്.
മഴ പെയ്ത് വെള്ളം കയറിയാൽ കർഷകന് വലിയ നഷ്ടമുണ്ടാകുമെന്നും അതുകൊണ്ടാണ് ചിറയുടെ ഷട്ടറിടാൻ നിർബന്ധിതരായതെന്നും കർഷകർ വ്യക്തമാക്കി.
നഗരസഭ ടെൻഡർ വിളിച്ച് കരാറു നൽകാൻ ഇനിയും സമയമെടുക്കുമെന്നും അതുവരെ കാത്തുനിന്നാൽ കൃഷി മുഴുവൻ വെള്ളത്തിലാകുമെന്നും കർഷകർ അറിയിച്ചു.
എല്ലാ വർഷവും സമയത്തിന് ചിറ കെട്ടാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരേയും സമയത്തിന് ചിറ കെട്ടാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
ഷട്ടറുകളിട്ടെങ്കിലും അതിന് അടിയിലൂടെ ഇപ്പോഴും വെള്ളം ഒഴുകുന്നുണ്ടെന്നും അതിനാൽ ചാക്കുകളിട്ട് ചിറയിൽനിന്നുള്ള നീരൊഴുക്ക് തടയണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ജില്ലാ കളക്ടർക്കും കൃഷി ഓഫീസർമാർക്കും നഗരസഭയ്ക്കും പരാതി നൽകുമെന്നും കർഷകർ പറഞ്ഞു.