മണ്ണ് മാറ്റിയിരുന്നുവെങ്കിൽ വണ്ടിയിടാമായിരുന്നു

പാർക്കിങ് തടസ്സപ്പെടുത്തി കമ്യൂണിറ്റി ഹാളിനരികിലെ മൺകൂന

കൊടകര : കൊടകര പഞ്ചായത്ത് കമ്യൂണിറ്റിഹാളിന്റെ പാർക്കിങ്ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന മൺകൂന വാഹനങ്ങൾക്ക് കുരുക്കാകുന്നു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വിവിധ വാർഡുകളിലെ റോഡുനിർമാണവുമായി ബന്ധപ്പെട്ട മണ്ണു കൊണ്ടുവന്ന് താത്‌കാലികമായി ഇട്ടതാണിവിടെ.

എന്നാൽ, ഒരു വർഷത്തിലേറെയായിട്ടും മണ്ണ് നീക്കിയിട്ടില്ല. 100 ലോഡിലേറെ മണ്ണുണ്ടാകുമെന്നാണ് നിഗമനം. മണ്ണു കൊണ്ടുവന്ന്‌ തള്ളിയ ഭാഗം പുല്ലും പാഴ്‌ച്ചെടികളും വളർന്ന് കാട് പിടിച്ചു. പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഒന്നരമാസം മുൻപ്‌ മണ്ണു നീക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കമ്യൂണിറ്റി ഹാളിൽ നടത്തുന്ന വിവാഹങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി കൂടുതലാളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇടമില്ല. പകുതിയിലേറെ സ്ഥലം ഉപയോഗശൂന്യമായതോടെ പാർക്കിങ്ങിന് മറ്റിടങ്ങൾ തേടേണ്ട സാഹചര്യമാണ്. പലപ്പോഴും തർക്കത്തിനും ഇടയാക്കുന്നു. ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര സമീപത്തെ കൊടകര- വെള്ളിക്കുളങ്ങര റോഡിലേക്കു നീളുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുമുണ്ട്. മണ്ണ് എത്രയുംവേഗം മാറ്റി വാഹനപാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മണ്ണ് ഉടൻ മാറ്റും

58 ക്യുബിക് മീറ്റർ മണ്ണ് മാറ്റുന്നതിനുള്ള നടപടികളാണ് പൂർത്തിയായത്. ബാക്കി 270 ക്യുബിക് മീറ്റർ മണ്ണ് നീക്കംചെയ്യുന്നതിനുള്ള ലേലം വെള്ളിയാഴ്ച പൂർത്തിയാക്കുമെന്നും മുഴുവൻ മണ്ണും ഉടൻ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കൊടകര പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനയൻ തോട്ടാപ്പിള്ളി പറഞ്ഞു.