തേക്കിൻകാടിനെ ലോകനിലവാരത്തിലാക്കും- മുഖ്യമന്ത്രി

സഞ്ചാരികൾ തേടിയെത്തട്ടെ

തൃശ്ശൂർ : തൃശ്ശൂരിന്റെ തനതായ പാരമ്പര്യം വിളിച്ചോതുന്ന തേക്കിൻകാടിനെ ലോകനിലവാരമുള്ള സ്ക്വയറാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തേക്കിൻകാടിന്റെ തനതായ പാരമ്പര്യവും പൈതൃകവും നിലനിർത്തിക്കൊണ്ടുതന്നെ ലോകോത്തരനിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായാണ് പ്രത്യേക താത്പര്യത്തോടെ ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ തേക്കിൻകാട് നവീകരണത്തിനായി വകയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കണമെന്ന് പറയുന്ന രീതിയിലേയ്ക്ക് ഇവിടം മാറ്റണം- തൃശ്ശൂർ പ്രസ്‌ക്ലബ്ബിന്റെ സുവർണജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമരംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രഗല്‌ഭരായ നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ തൃശ്ശൂരിലെ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൃശ്ശൂർ കാസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷനായി. കായിക മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയും ബെന്നി ബഹന്നാൻ എം.പി. വിശിഷ്ടാതിഥിയുമായി. മുതിർന്ന മാധ്യമപ്രവർത്തകരെയും പ്രസ്‌ക്ലബ്ബ് മുൻ ഭാരവാഹികളെയും മണപ്പുറം ഗ്രൂപ്പ് എം.ഡി. വി.പി. നന്ദകുമാറിനെയും ചടങ്ങിൽ ആദരിച്ചു.

എം.എൽ.എ.മാരായ രാജൻ ജെ. പല്ലൻ, കെ. രാജൻ, ഗീതാ ഗോപി, തോമസ് ഉണ്ണിയാടൻ, കെ.കെ. വത്സരാജ്, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഡിവിഷൻ കൗൺസിലർ പൂർണിമാ സുരേഷ്, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, സെക്രട്ടറി സുരേഷ് എടപ്പാൾ, സീനിയർ ജേണലിസ്റ്റ് ഫോറം പ്രസിഡന്റ് അലക്‌സാണ്ടർ സാം, അഡ്വ. തമ്പാൻ തോമസ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, ജോയിന്റ് സെക്രട്ടറി ബി. സതീഷ് എന്നിവർ സംസാരിച്ചു.