കുഴിയാനക്കഥ, കുഞ്ഞൻചിലന്തിയുടെ വിസ്മയങ്ങൾ...മനം നിറയെ അറിവു പകർന്ന് സയൻസ്സ്ലാം

തൃശ്ശൂർ : കുഴിയാനവലച്ചിറകന്റെയും മൂങ്ങവലച്ചിറകന്റെയും അറിയാക്കഥകൾ, കുഞ്ഞൻ ചിലന്തി ഒളിപ്പിച്ചുവെച്ച വിഷവിസ്മയങ്ങൾ, പറക്കും ഓന്തും ലിംഗത്തിന്റെ കടങ്കഥയും മഞ്ഞളിൽ കുഞ്ഞു രാസമാറ്റം ഒപ്പം ആരോഗ്യപ്രതീക്ഷയും-തങ്ങളുടെ കണ്ടുപിടിത്തങ്ങൾ സാധാരണക്കാരന് മനസ്സിലാകുംവിധം അതിലളിതമായി യുവഗവേഷകർ അവതരിപ്പിച്ചപ്പോൾ കേട്ടിരുന്നവർ ഇഷ്ടപ്പെട്ടുവെന്ന അർഥം വ്യക്തമാക്കുന്ന ഈമോജികൾ ഒട്ടിച്ച പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി അവർക്ക് പിന്തുണയേകി. ഒപ്പം ആപ്പിലൂടെ വോട്ടുചെയ്തു. തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിൽ ഒരു പകൽ നീണ്ട മേഖലാതല സയൻസ് സ്ലാം വിദ്യാർഥികൾക്കും സാധാരണക്കാർക്കും പകർന്നുനൽകിയത് അറിവിന്റെ പുതുലോകം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തും അവരുടെ സയൻസ് പോർട്ടലായ 'ലൂക്ക'യും ചേർന്ന് ശാസ്ത്രഗവേഷണകേന്ദ്രമായ ക്യൂരിഫൈയുടെയും വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സയൻസ്‌സ്ലാം സംഘടിപ്പിച്ചത്. വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗവേഷകർ അവരുടെ ഗവേഷണവിഷയങ്ങൾ 10 മിനിറ്റുകൊണ്ട് സയൻസ്‌സ്ലാമിൽ അവതരിപ്പിച്ചു. ശാസ്ത്രവിദഗ്‌ധർക്ക് അവരുടെ കണ്ടുപിടിത്തങ്ങൾ സാധാരണക്കാരിലേക്ക്‌ ലളിതമായി വിനിമയം ചെയ്യാനുള്ള ശേഷി വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഇക്കൊല്ലത്തെ കേരള സയൻസ്‌സ്ലാമിന്റെ ആദ്യ റൗണ്ടിൽ മൂന്നാമത്തേതാണ് തൃശ്ശൂരിൽ നടന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഗവേഷണകേന്ദ്രങ്ങളിൽ ഗവേഷണം നടത്തുന്ന 24 പേർ തങ്ങളുടെ വിഷയങ്ങൾ അവതരിപ്പിച്ചു. ഫൈനൽ റൗണ്ട് കോഴിക്കോട് ഫാറൂഖ് കോളേജിൽ ഡിസംബർ 12-ന് നടക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ. ടി.ബി. സൂര്യനാരായണൻ, പട്ടാമ്പി ശ്രീ നീലക്ണ്ഠ സംസ്കൃതകോളേജിലെ വീണാ വേണു ഗോപാൽ, കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയിലെ അഭിരാമി എം. ജയകുമാർ, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ ഡോ. സിസ്റ്റർ എ. ലവ്‌ലി ജേക്കബ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നവ്യാ ബിജു എന്നിവരെ തൃശ്ശൂരിലെ മത്സരത്തിൽനിന്ന് ഫൈനലിലേക്ക്‌ തിരഞ്ഞെടുത്തു.

ഡോ. സി. ജോർജ് തോമസ്, ഡോ. എസ്. ജയശ്രീ, ഡോ. എം.കെ. ജയരാജ്, വിജയകുമാർ ബ്ലാത്തൂർ, ഡോ. കെ.പി. അരവിന്ദൻ, എന്നിവരടങ്ങിയ ശാസ്ത്രവിദഗ്‌ധരുടെ പാനലിനൊപ്പം സദസ്സിലുള്ളവരും ചേർന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽസെക്രട്ടറി വി. മനോജ്‌കുമാർ, പ്രസിദ്ധീകരണസമിതി കൺവീനർ ടി.കെ. മീരാബായ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ഡോ. എൻ. ഷാജി, സി. റിസ്വാൻ, ഡോ. സി.എൽ. ജോഷി എന്നിവർ പ്രസംഗിച്ചു.