കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയ്ക്ക് നാടിന്റെ യാത്രാമൊഴി

പട്ടിക്കാട് : കാലിഫോർണിയയിലെ മിൽപിറ്റാസിൽ കൊല്ലപ്പെട്ട അഞ്ജനാ ഹരിക്ക് യാത്രാമൊഴി. മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃഗൃഹത്തിലും തുടർന്ന് സ്വവസതിയിലും കൊണ്ടുവന്നപ്പോൾ നൂറുകണക്കിന് ആളുകളെത്തി. ഓഗസ്റ്റ് 28-ന് ആയിരുന്നു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ അഞ്ജനയുടെ വിയോഗം. അഞ്ജനയെയും സുഹൃത്ത് ആൻമേരിയെയും ഇരുവരുടെയും പൊതുസുഹൃത്തായ അനില കൊലപ്പെടുത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യവകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകളായ അഞ്ജനാ ഹരി(35)യുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. തിങ്കളാഴ്ച രാവിലെ 10.30-ന് മൃതദേഹവുമായി വിമാനം നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയുടെ ഫ്രീസറിൽ സൂക്ഷിച്ചശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. 12.30-ന് അഞ്ജനയുടെ ഭർത്താവ് വിലങ്ങന്നൂർ സ്വദേശി വിജേഷിന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ഉച്ചതിരിഞ്ഞ് രണ്ടിന് പാണഞ്ചേരിയിലുള്ള വസതിയിൽ പൊതുദർശനം ആരംഭിച്ചു.
വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ഭർത്താവ് വിജേഷും ഏകമകൾ വാമികയും കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഒല്ലൂർ എം.എൽ.എ. കെ. രാജൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡി.സി.സി. സെക്രട്ടറി
കെ.സി. അഭിലാഷ്, ശോഭാ സുരേന്ദ്രൻ എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.