ചാവക്കാട് ബീച്ച് ശുചീകരിച്ചു

സ്വച്ഛത ഹി സേവ -നിർമലം കാംപെയ്ൻ
ചാവക്കാട് : ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ചാവക്കാട് നഗരസഭ നടപ്പാക്കുന്ന സ്വച്ഛത ഹി സേവ, നിർമലം എന്നീ കാംപെയിനുകളുടെയും ഭാഗമായി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ സഹകരണത്തോടെ ചാവക്കാട് കടൽത്തീരവും പരിസരവും ശുചീകരിച്ചു. കുട്ടികളിൽ ശുചിത്വബോധം സൃഷ്ടിക്കുന്നതിനും തങ്ങളുടെ മാലിന്യം തങ്ങളുടെതന്നെ ഉത്തരവാദിത്വമാണെന്ന സന്ദേശം സമൂഹത്തിനു നൽകാനുമാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭയുടെ കാംപെയിന് പിന്തുണ പ്രഖ്യാപിച്ച് ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെയും ചാവക്കാട് ജില്ലാ-ലോക്കൽ അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് മൂന്നാംഘട്ടമായ ബീച്ച് ശുചീകരണം നടന്നത്. ശുചീകരണപരിപാടിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം അധ്യക്ഷനായി.
ഇതിനു മുന്നോടിയായി ചാവക്കാട് ജില്ലാ അസോസിയേഷനുകീഴിലുള്ള എല്ലാ യൂണിറ്റുകളും ശുചീകരണത്തിൽ പങ്കെടുക്കുകയും തുടർന്ന് ലോക്കൽ അസോസിയേഷനുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തിരുന്നു.
നഗരസഭാ മുൻ ചെയർപേഴ്‌സൺ ഷീജാ പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത്ത് കുമാർ, വാർഡ് അംഗം കെ.വി. സന്തോഷ്, ടി.യു. ജെയ്‌സൺ, ശാന്ത, ടി.സി. ജയലക്ഷ്മി, അനിതാ മാത്യു, ബ്രില്യന്റ് വർഗീസ്, ചിത്രമോൾ, ജോസ് സി. പോന്നാർ എന്നിവർ പ്രസംഗിച്ചു.