വീൽച്ചെയറിൽ ഒരു ട്രെയിൻയാത്ര ശരത്തിനും അലിക്കുമിത് സ്വപ്‌നസാക്ഷാത്കാരം

#സിജോ ചാതേലി

കല്ലേറ്റുംകര(തൃശ്ശൂർ) : ഒടുവിൽ ശരത്തും അലി അൻവറും ട്രെയിനിൽക്കയറി, ഏറെ ആഹ്ലാദത്തോടെ. ഡോ. ചിത്രയ്ക്കും സഹപ്രവർത്തകർക്കും ഇരുവരുടെയും രക്ഷിതാക്കൾക്കും സംതൃപ്തിയുടെ നിമിഷം. ഭിന്നശേഷിക്കാരായ ഇരുവരും വീൽച്ചെയറിലാണ് ട്രെയിനിൽ യാത്രചെയ്തത്.

മസ്കുലാർ ഡിസ്ട്രോഫി, സെറിബ്രൽ പാൾസി ബാധിതരായ ഇരുവർക്കും വീൽച്ചെയറിലില്ലാതെ യാത്രചെയ്യാനാകില്ല. ജന്മനാ മസിലുകൾക്ക് ശക്തിയില്ലാത്തതിനാൽ തലയ്ക്ക് താങ്ങില്ലാതെ ഇരുവർക്കും ഇരിക്കാനാകില്ല. മോട്ടോർ സംവിധാനമുള്ള വീൽച്ചെയറുകൾ വിരൽവെച്ച് ഓടിക്കുമെന്നതൊഴിച്ചാൽ കൈകാലുകൾക്ക് ചലനശേഷിയില്ല.

വീൽച്ചെയർ ട്രെയിനിൽ കയറ്റുകയെന്നതായിരുന്നു വലിയ കടമ്പ. തൃശ്ശൂർ കല്ലേറ്റുങ്കര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിദ്യാർഥികളായ 19-ഉം 20-ഉം വയസ്സുള്ള ഇരുവർക്കും തുണയായത് ഇൻസ്റ്റിറ്റ്യൂട്ടധികൃതർതന്നെയാണ്.

നാലുമാസം മുൻപാണ് സെറിബ്രൽ പാൾസി രോഗാവസ്ഥയിലുള്ള ശരത്ത് ട്രെയിൻയാത്രയെന്ന ആഗ്രഹം നിപ്മറിലെ ഡോ. ചിത്രയെ അറിയിച്ചത്. ആഗ്രഹം സാധിച്ചുകൊടുക്കാൻ ഡോ. ചിത്ര നേരിട്ടിറങ്ങി.

പല സ്‌റ്റേഷൻമാസ്റ്റർമാരുമായും സംസാരിച്ചെങ്കിലും ട്രെയിൻ കൂടുതൽ സമയം നിർത്താൻ സാധിക്കില്ല, മേലുദ്യോഗസ്ഥരുടെ അനുമതി വേണം, റാമ്പില്ല, പോർട്ടർമാർ ഇല്ല എന്നിങ്ങനെ തടസ്സങ്ങൾ മുന്നിൽ നിറഞ്ഞു.

പിന്നീട് കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ രാജേഷ് സഹായവുമായെത്തി. എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ ഡിസെബിലിറ്റി കോച്ചുണ്ടെന്നറിയിച്ച് അതിൽ കയറാനുള്ള സൗകര്യങ്ങളും ഒരുക്കി.

അങ്ങനെ ഞായറാഴ്ച രാവിലെ 7.25-ന്റെ ഗുരുവായൂർ പാസഞ്ചറിൽ ശരത്തിനെയും അലിയെയും കയറ്റി ഡോ. ചിത്രയും സംഘവും യാത്രയാരംഭിച്ചു. ഗുരുവായൂർ സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് ഇവരെ സഹായിക്കാൻ അവിടെയും റെയിൽവേജീവനക്കാരെത്തി. ഡോ. ചിത്രയ്ക്കു പുറമേ സഹപ്രവർത്തക അജിതയും ഇരുവരുടെയും രക്ഷിതാക്കളും യാത്രയ്ക്ക്‌ ഒപ്പമുണ്ടായി.

നിപ്മറിലെ മടക്കിക്കൊണ്ടുനടക്കാൻ സാധിക്കുന്ന അഞ്ചടി നീളമുള്ള റാമ്പ് ട്രെയിനിന്റെ വാതിലിൽ ഘടിപ്പിച്ചശേഷം വീൽച്ചെയർ ഇവർ സ്വയം ഓടിച്ച് കയറ്റുകയായിരുന്നു. അല്പനേരം ക്ഷേത്രനഗരി ചുറ്റിക്കണ്ട് സംഘം ഉച്ചയോടെ അവിടെനിന്നുള്ള പാസഞ്ചറിൽ തിരിച്ചുമടങ്ങി.

ട്രെയിൻയാത്രയുടെ സന്തോഷത്തിനൊപ്പം ഒരാവശ്യംകൂടി ഇവർക്ക് പങ്കുവയ്ക്കാനുണ്ട്. ട്രെയിനുകളിൽ ഡിസെബിലിറ്റി കോച്ചുകളുണ്ടായാൽ മാത്രം പോരാ, പോർട്ടബിൾറാമ്പ് കൂടി സ്‌റ്റേഷനുകളിൽ ലഭ്യമാക്കണം. സ്റ്റേഷനുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.