ജനജീവിതത്തിനും കാർഷികമേഖലയ്‌ക്കും ഭീഷണിയായി ആഫ്രിക്കൻ ഒച്ച്

കൊടകര : ജനവാസമേഖലയിൽ പെരുകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ജനജീവിതത്തിനും കാർഷിക മേഖലക്കും ഭീഷണി. പരിയാരം, കോടശ്ശേരി, ആളൂർ, കൊടകര, മറ്റത്തൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഒച്ചുശല്യം രൂക്ഷമാണ്. വന്നുപെട്ടാൽ പിന്നെ പൂർണമായി ഇവയെ നശിപ്പിക്കാനാകാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.
രാവിലെയും വൈകീട്ടും പരിസരത്ത് കാണുന്നവയുടെ മേൽ പൊടി ഉപ്പ് ഇട്ടും, ഉപ്പുലായിനിയിൽ ഇട്ടും തിളപ്പിച്ച വെള്ളം ഒഴിച്ചുമാണ്ഇവയെ നശിപ്പിച്ച് പോരുന്നത്.
കണ്ടുതുടങ്ങിയത് പ്രളയശേഷം
:2018-ലെ പ്രളയശേഷമാണ് ആഫ്രിക്കൻ ഒച്ചുകളെ വിവിധ മേഖലകളിൽ കണ്ടുതുടങ്ങിയത്. കുറഞ്ഞ തോതിലായിരുന്ന ആളൂർ പഞ്ചായത്തിലെ കദളിച്ചിറയിൽ കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ വലതുകര കനാലിനോട് ചേർന്നുള്ള മൂന്ന് കിലോമീറ്ററിലേറെ ചുറ്റളവിലേക്ക് ഇവ പടർന്നു.
താഴേക്കാട്, കണ്ണിക്കര, കല്ലേറ്റുംകര തുടങ്ങി ഒട്ടുമിക്ക പ്രദേശത്തും വ്യാപനം രൂക്ഷമാണ്. ഇവ വീടുകളിലും കൃഷിയിടങ്ങളിലുമെത്തി നാശമുണ്ടാക്കുന്നു.
മലയോരത്തും ശല്യം
:കോടശ്ശേരി പഞ്ചായത്തിലെ കോർമലയിൽ 2021-ൽ പന്നിഫാമിന് സമീപമാണ് ഇവയെ ആദ്യം കണ്ടത്. ഒരുവർഷത്തിനുള്ളിൽ ഇവ വ്യാപകമായി. നൂറുമീറ്റർ അകലെയുള്ള വനത്തിൽ ഇവയുടെ വ്യാപനത്തിന് അനുകൂല സാഹചര്യമാണ്.പ്രവേശനമില്ലാതെ കാടുപിടിച്ച് കിടക്കുന്ന പറമ്പുകളും ഇവയുടെ വ്യാപനത്തിന് ഇടയാക്കുന്നു.
മൂന്നും നാലും കിലോമീറ്റർ ചുറ്റളവിലേക്കും വ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പേ ഇവ വനമേഖലയിൽ കടന്ന് പെരുകിയതിനാൽ ഇവയുടെ വ്യാപനം നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.
പരിയാരം പഞ്ചായത്തിലെ പുല്ലുമുടി മലയോരത്തെ കൃഷിയിടത്തിൽ 2022-ലാണ് ഇവയെ കണ്ടുതുടങ്ങിയത്. ഇപ്പോൾ പരിസരത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചു.
കാർഷിക വിളകൾക്ക് ഭീഷണി
:കോടശ്ശേരി മലയുടെ പരിസരത്തെ മാങ്കുറ്റിപ്പാടത്ത് വെട്ടിയാട്ടിൽ അജിതന്റെ പശുഫാമിനോട് ചേർന്ന കൃഷിയിടത്തിൽ കൃഷി ചെയ്യാൻ പറ്റാതായി. ഫാമിനോട് ചേർന്നുള്ള ഒരേക്കറിൽ കൃഷിചെയ്ത പാഷൻഫ്രൂട്ട്, കോവൽ, അമര തുടങ്ങിയവയും നശിപ്പിച്ചു. പശുക്കൾക്ക് കൊടുക്കാനുള്ള തീറ്റപ്പുല്ലും പച്ചമുളകുമെല്ലാം ഇവ നശിപ്പിക്കുന്നു. പുല്ല് അരിഞ്ഞെടുത്താൽ 20 ദിവസംകൊണ്ട് വീണ്ടും വളർന്നുവരുമായിരുന്നെങ്കിൽ ഇപ്പോൾ തണ്ടുകൾക്ക് കരുത്തില്ലാതായി. മാങ്കുറ്റിപ്പാടത്ത് ഈ വർഷമാണ് ഇവയെ കണ്ടുതുടങ്ങിയത്.
കൃഷി ഉപേക്ഷിച്ചു
:പല പ്രതിരോധ മാർഗങ്ങൾ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. കോർമല വരുപ്പാകുന്നേൽ സജിമോന്റെ കൃഷിയിടത്തിലെ 55 കാല് ഡ്രാഗൺ ഫ്രൂട്ട് ഒച്ചുകളുടെ ആക്രമണത്തിൽ നശിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചു. 800 രൂപയിൽ അധികം ചെലവഴിച്ചാണ് ഓരോ കാലും സ്ഥാപിച്ചത്.
തണ്ടും ഫലങ്ങളുമെല്ലാം കിളിർത്ത് വരുമ്പോൾതന്നെ ഒച്ചുകൾ കൂട്ടമായെത്തി തിന്നുതീർക്കും. വടാശ്ശേരി ജോബിളിന്റെ വീടിന്റെ ചുമരിലും പറമ്പിലെ കാർഷിക വിളകളിലും ഇവ കൂട്ടമായി വരുന്നതിനാൽ പറമ്പിലെ കൃഷി ഉപേക്ഷിച്ചു.