സ്ഥിരംയാത്രികരെ വട്ടംചുറ്റിച്ച് എറണാകുളം പാസഞ്ചർ

പതിവായി വൈകിയോടുന്നു, കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നു, പരാതിയുമായി യാത്രികർ
തൃശ്ശൂർ : എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരംയാത്രക്കാർ ആശ്രയിക്കുന്ന 56313 ഗുരുവായൂർ-എറണാകുളം പാസഞ്ചർ പതിവായി വൈകുന്നതായി പരാതി. ജില്ലയിലെ വിവിധഭാഗങ്ങളിലുള്ള വിദ്യാർഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനു യാത്രക്കാർ ഈ വണ്ടിയെ ആശ്രയിക്കുന്നുണ്ട്. 18 കോച്ചുകളുള്ള വണ്ടി രാവിലെ 6.50-ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് ഒൻപതിന് എറണാകുളം ടൗണിൽ എത്തുമായിരുന്നു. എന്നാൽ, ഏതാനും ആഴ്ചകളായി ഈ ട്രെയിൻ 20 മിനിറ്റുവരെ വൈകിയാണ് എറണാകുളം ടൗണിലെത്തുന്നതെന്നാണ് പരാതി. അവിടെനിന്ന് എറണാകുളം ജങ്‌ഷനിലെത്താൻ കൂടുതൽ വൈകുന്നു. വൈകിയോടുന്ന മറ്റ് എക്സ്പ്രസ്ട്രെയിനുകൾക്കായി ഇത് സ്ഥിരമായി പിടിച്ചിടുന്നതായി യാത്രക്കാർ പറയുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ജോലിസ്ഥലത്തേക്കും സമയത്തിനെത്താനാകാതെ യാത്രികർ ബുദ്ധിമുട്ടുകയാണ്.
18 കോച്ചുകളുണ്ടായിരുന്നപ്പോൾപ്പോലും നല്ല തിരക്കനുഭവപ്പെട്ടിരുന്ന ട്രെയിനിൽ കുറച്ചുനാളായി 15,16 കോച്ചുകൾ മാത്രമാണുള്ളതെന്നും യാത്രികർ പറയുന്നു. അതിനാൽ തൃശ്ശൂരിലെത്തുമ്പോൾത്തന്നെ വണ്ടി നിറയും. മാത്രമല്ല, 24 കോച്ചുകൾക്കു സ്ഥാനമുള്ള തൃശ്ശൂരിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഈ ട്രെയിൻ എവിടെ നിർത്തുമെന്നറിയില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങളിലാണ് എൻജിൻ നിർത്തുക. ഇതുമൂലം യാത്രക്കാർക്ക് ഓട്ടം പതിവാകുകയാണ്.
സ്ഥിരംയാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന 56313 ഗുരുവായൂർ-എറണാകുളം പാസഞ്ചറിലെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.