ചണ്ടിയും കുളവാഴയും; പെരുമ്പുഴ കനാലിൽ നീരൊഴുക്ക് നിലച്ചു

മനക്കൊടി : പുള്ള് റോഡിനോടുചേർന്നുള്ള പെരുമ്പുഴ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ഒഴുക്കു നിലച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുളിരസം നിറഞ്ഞ് കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്.

ഒക്ടോബർ ആദ്യം എം.എൽ.എ.മാരായ സി. രവീന്ദ്രനാഥ്, ഗീതാ ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ ചാലുകൾ വൃത്തിയാക്കുമെന്ന് ഉറപ്പുനൽകിയതാണ്. പക്ഷേ, പാലിക്കപ്പെട്ടില്ല. മുനയം വളയം കെട്ടിന്റെ നിർമാണം പൂർത്തീകരിക്കാത്തതിനാൽ ചിമ്മിനിയിൽനിന്നു വിടുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകുകയാണ്. വെള്ളം കിട്ടാത്തതിനാൽ കൃഷി ഉണങ്ങാൻ സാധ്യതയുണ്ടെന്നും വിഷയത്തിൽ അധികൃതർ ഇടപെടണമെന്നും സ്ഥലം സന്ദർശിച്ച കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ ആവശ്യപ്പെട്ടു. കർഷകസംഘം മണലൂർ ഏരിയാ കമ്മിറ്റി ട്രഷറർ കെ. രാഗേഷ്, സി.പി.എം. മണലൂർ ഏരിയാ കമ്മിറ്റി അംഗം കെ.കെ. ശശിധരൻ, മനക്കൊടി

പാടശേഖരസമിതി സെക്രട്ടറി കെ.കെ. അശോകൻ, പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. പുഷ്കരൻ എന്നിവരും സ്ഥലത്തെത്തി.