പ്രതിഷേധവുമായി നാട്ടുകാർ

കുളം ഉണ്ടായിരുന്നിടത്ത്‌ ടവർ നിർമാണം

ചുവന്നമണ്ണ് : പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് ചൂലിപ്പാടത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നത് മുൻപ് കുളം നിലനിന്നിരുന്ന സ്ഥലത്തെന്ന് നാട്ടുകാർ. മണ്ണിന്റെ ഘടനയും ഭൂസുരക്ഷയും പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വിഷയം സംബന്ധിച്ച് പ്രദേശവാസികൾ

ജില്ലാ കളക്ടർ, ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ജിയോളജി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. പരാതി സ്വീകരിച്ച കളക്ടർ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. വിഷയം സംബന്ധിച്ച്‌ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

ടവർ സ്ഥാപിക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുമ്പ് കുളമായിരുന്നെന്നും പിന്നീട് കുളം നികത്തിയതിനുശേഷം അവിടെ കൃഷി നടത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു. നിർമാണം നടക്കുന്ന ഭൂമി തണ്ണീർത്തടത്തിൽ നിന്ന്‌ തരം മാറ്റിയിട്ട് ഒരുവർഷം മാത്രമേ ആകുന്നുള്ളു എന്നും പരാതിയിൽ പറയുന്നു.

40 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന ടവറിന്റെ ആഴം ഒന്നര മീറ്ററാണ്. ടവർ സ്ഥാപിക്കുന്നതിന് മുൻപ് നിർമാണക്കമ്പനി മണ്ണ് പരിശോധന നടത്തിയെങ്കിലും അത് നിലവിൽ ടവർ നിർമിക്കുന്നിടത്തുനിന്ന്‌ 30 മീറ്റർ മാറിയാണ്. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇത് സ്വാഭാവിക പ്രക്രിയയാണ് എന്നായിരുന്നു മറുപടി.

ടവർ നിർമാണത്തിനായി കുഴിയെടുത്ത സ്ഥലത്ത് പൂർണമായും വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. മേഖലയിൽ ടവർ നിർമാണം നടത്തി മണ്ണിന്റെ ജലസംഭരണശേഷി നഷ്ടപ്പെടുത്തിയാൽ പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകും എന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു.