ക്രൈംബ്രാഞ്ചിലും സൈബർക്രൈം യൂണിറ്റ് വരുന്നു

#കെ. കെ. ശ്രീരാജ്

തൃശ്ശൂർ : ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യക സൈബർക്രൈം അന്വേഷണ യൂണിറ്റുകൾ വരുന്നു. നിലവിലെ സൈബർസെല്ലിനും സൈബർ പോലീസ് സ്റ്റേഷനും പുറമേയാണിത്. ഇതോടെ സൈബർക്രൈം അന്വേഷണങ്ങൾ വേഗത്തിലാക്കും. സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിച്ചുവരുന്നത് കണക്കിലെടുത്താണ് പോലീസിന്റെ ഈ നീക്കം.

ഇത്തരം യൂണിറ്റുകളിലേക്കു പോകാൻ തയ്യാറുള്ള പോലീസുദ്യോഗസ്ഥരോട് വിവരമറിയിക്കാൻ നിർദേശം നൽകി. ഇവർക്ക് പ്രത്യേക പരിശീലനവുമുണ്ടാകും എന്നറിയുന്നു. നിരവധി കേസുകൾ ലോക്കൽ പോലീസിൽനിന്ന്‌ ക്രൈംബ്രാഞ്ചിലേക്കെത്തുന്നുണ്ട്. എന്നാൽ, ഇവിടെ സൈബർക്രൈം സംവിധാനമില്ലാത്തതിനാൽ അന്വേഷണം വൈകുന്ന സ്ഥിതിയാണ്. നിലവിൽ സൈബർസെൽ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കുന്നത്.

സംസ്ഥാനത്താകെ നാലു യൂണിറ്റുകളാണുണ്ടാകുക. തിരുവനന്തപുരം ആസ്ഥാനമായ യൂണിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് അന്വേഷിക്കുക.

എറണാകുളം കേന്ദ്രമായ യൂണിറ്റ് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കേസുകൾ അന്വേഷിക്കും. തൃശ്ശൂർ കേന്ദ്രമായ യൂണിറ്റ് തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെയും കോഴിക്കോട് കേന്ദ്രമായ യൂണിറ്റ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലെയും കേസുകൾ അന്വേഷിക്കും.

എസ്.പി.യുടെ കീഴിലായിരിക്കും ഓരോ യൂണിറ്റും പ്രവർത്തിക്കുക. ഒരു യൂണിറ്റിൽ നാല്പതോളംപേരാണ് ഉണ്ടാകുക. സാധാരണ കേസന്വേഷണത്തിലുപരിയായി സാങ്കേതികപരിജ്ഞാനം സൈബർക്രൈം അന്വേഷണത്തിനു വേണമെന്നതിനാലാണ് പ്രത്യേക യൂണിറ്റുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

ഇതിനായി പുതിയ ആളുകളെ നിയമിക്കില്ല. നിലവിലെ ആളുകളെ ഉപയോഗിച്ചുതന്നെ അന്വേഷണയൂണിറ്റുകൾ രൂപവത്കരിക്കണമെന്നാണ് നിർദേശം. സൈബർക്രൈം അന്വേഷണയൂണിറ്റ് കേന്ദ്രങ്ങളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റത്തിലൂടെ നിയമിക്കാമെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണങ്ങൾ വേഗത്തിലാകും