ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാംപാദ മത്സരം; ഒക്ടോബർ നാലിന് കോട്ടപ്പുറം കായലിൽ

​കൊടുങ്ങല്ലൂർ : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ നാലാംപാദ മത്സരം ഒക്ടോബർ നാലിന് കോട്ടപ്പുറം കായലിൽ നടക്കും. സെപ്റ്റംബർ 19-ന് ആലപ്പുഴയിലെ കരുവാറ്റയിൽ നടന്ന മത്സരത്തോടെ ആരംഭിച്ച ചാമ്പ്യൻസ് ലീഗിലെ നാലാമത്തെ മത്സരമാണ് കോട്ടപ്പുറം കായലിൽ നടക്കുക.

നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ഒൻപത് ചുണ്ടൻവള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടെയാണ് ലീഗ് മത്സരങ്ങൾ സമാപിക്കുക.

2019-ലെ നെഹ്‌റുട്രോഫി ജലോത്സവത്തോടെയാണ് ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയിൽ വിനോദസഞ്ചാര വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിച്ചത്. 2019-ലെ ആദ്യ സീസണിലെ തുടർച്ചയായ രണ്ടു മത്സരങ്ങൾക്ക് വേദിയാകാനുള്ള ഭാഗ്യവും കോട്ടപ്പുറത്തിന് കൈവന്നിരുന്നു. ഈ മത്സരത്തിലെ ഏഴാംപാദ മത്സരം നടക്കേണ്ടിയിരുന്ന പൊന്നാനി ബിയ്യംകായലിലെ മത്സരം സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചതോടെയാണ് ഏഴാംപാദ മത്സരവും തൊട്ടടുത്ത ദിവസം കോട്ടപ്പുറത്ത് നടത്തിയത്.

കോവിഡ് മൂലം രണ്ടു വർഷം സി.ബി.എൽ. നടന്നിരുന്നില്ല. പിന്നീട് 2022 മുതലാണ് മത്സരങ്ങൾ പുനരാരംഭിച്ചത്. ചാമ്പ്യൻസ് ലീഗിന് പുറമേ കോട്ടപ്പുറം ടൂറിസം ഡിവലപ്‌മെന്റ്

സൊസൈറ്റിയുടെ എ, ബി വിഭാഗങ്ങളിൽ ഇരുട്ടുകുത്തി, ഓടി വിഭാഗങ്ങളിലായി 18 വള്ളങ്ങളുടെ മത്സരവും ഇതോടൊപ്പം നടക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്‌കരിച്ചു. സ്വാഗതസംഘം ഓഫീസ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഔസേപ്പച്ചൻ ജോസ്, പി.ഡി. ജോസ്, വി.എം. ജോണി, എ.എ. അഷറഫ്, എൻ.എസ്. വിജയൻ, ഇ.എസ്. സാബു എന്നിവർ പ്രസംഗിച്ചു.