പേരിനൊരു പാർക്ക്

ചാലക്കുടി : നഗരസഭയുടെ കീഴിൽ സൗത്ത് ജങ്ഷനിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക് നാശത്തിന്റെ വക്കിൽ. മുൻ നഗരസഭാംഗം പൗലോസ് താക്കോൽക്കാരന്റെ നാമധേയത്തിലുള്ള പാർക്കാണ് കുട്ടികൾക്ക് ഉപയോഗിക്കാനാകാത്ത രീതിയിൽ നശിക്കുന്നത്. ശോച്യാവസ്ഥയിലായതോടെ കുട്ടികളുമായി വരുന്നവരുടെ എണ്ണവും കുറഞ്ഞു.
ഇരിപ്പിടങ്ങളും കളിസാമഗ്രികളും ഒരുക്കിയിരുന്നെങ്കിലും പരിപാലനത്തിന് മുനിസിപ്പൽ അധികൃതർ ശ്രദ്ധിക്കാറില്ല. അതിനാൽ പലതും തുരുമ്പെടുത്തു നശിക്കുകയാണ്. അജ്ഞാതർ പകൽ പലപ്പോഴും ഇവിടെ തമ്പടിക്കുകയും പരിസരം വൃത്തികേടാക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. പട്ടണത്തിന്റെ നടുവിൽ എപ്പോഴും ആൾസഞ്ചാരമുള്ളയിടത്തെ പാർക്കാണ് ഇങ്ങനെ അനാഥമായി കിടക്കുന്നത്. ചിത്രശലഭ പാർക്കായും കുറച്ചുനാൾ ഇവിടം പരിപാലിച്ചിരുന്നു. വലിയ വൃക്ഷങ്ങളും തണലും ധാരാളമുണ്ട്. കലാഭവൻ മണി പാർക്ക് വന്നതോടെ കുട്ടികളുടെ പാർക്കിലേക്ക് ആരും എത്താതായെന്നും ഈ സ്ഥലം ഇനി ഓപ്പൺ ജിമ്മിനായി ഉപയോഗപ്പെടുത്തണമെന്നും മുനിസിപ്പൽ കൗൺസിലർ വി.ജെ. ജോജി ആവശ്യപ്പെട്ടു.