കൂന്തളിനായി വിരിച്ച വലകൾ കടലെടുത്തു

15 വലകൾ പൂർണമായും നശിച്ചു
എറിയാട് : തീരക്കടലിൽ കൂന്തളിനായി വിരിച്ച വലകൾ രാത്രിയിലെ അപ്രതീക്ഷിത വേലിയേറ്റത്തിൽപ്പെട്ട് പൂർണമായി നശിച്ചു. കള്ളക്കടലിനു സമാനമായ രീതിയിലായിരുന്നു വേലിയേറ്റം. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഈ വർഷത്തെ കൂന്തൾച്ചാകരയും പ്രതിസന്ധിയിലായി.
എറിയാട് ചേരമാൻ കടപ്പുറത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളക്കടലും വേലിയേറ്റവും ശക്തമായതിനെത്തുടർന്ന് 15 മീൻപിടിത്തവലകൾ പൂർണമായും നശിച്ചത്.
ചിങ്ങമാസം കഴിയുന്നതോടെ കൂന്തൾ വലിയതോതിൽ തീരക്കടലിലെത്തും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ഭാഗത്ത് കൂന്തൾ ലഭിച്ചുതുടങ്ങിയിരുന്നു.
കൂന്തളിനായി പ്രത്യേകം നെയ്തെടുക്കുന്ന വലകളാണുപയോഗിക്കുക. അരക്കിലോമീറ്ററോളം നീളമുള്ള വലകൾ രാത്രികാലങ്ങളിൽ കടലിൽ വിരിക്കും. ഇവ രാവിലെയാണ് തിരിച്ചെടുക്കുക. ഇത്തരത്തിൽ വിരിച്ചിരുന്ന 15 വലകളാണ് ശനിയാഴ്ച രാത്രിയുണ്ടായ കള്ളക്കടലിൽ പൂർണമായും നശിച്ചത്.
ശ്രീരാജ് അഞ്ചലശ്ശേരി, മുത്തു പള്ളത്ത്, സിദ്ധാർഥൻ പുത്തൻപുരയ്ക്കൽ, സക്കീർ തെക്കിനകത്ത്, സിദ്ദിഖ് കിളിയേടത്ത്, മനീഷ്, ഉമ്മർ, അബുതാഹിർ, സിദ്ദിഖ് പള്ളിപ്പറമ്പിൽ, കണ്ണൻ ഇളംകൂറ്റ് എന്നിവരുടേതടക്കം 15 വലകളാണ് നശിച്ചത്.
25,000 മുതൽ 50,000 രൂപ വരെ ഒരോ വലയ്ക്കും വിലവരും. വേലിയേറ്റത്തെക്കുറിച്ചോ കള്ളക്കടലിനെക്കുറിച്ചോ മുന്നറിയിപ്പുകളൊന്നുമുണ്ടായിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സീസണിൽ ലഭിക്കുന്ന കൂന്തൾ തൊഴിലാളികൾക്ക് അടുത്ത സീസൺ വരെയുള്ള പ്രധാനവരുമാനമാണ്.
കിലോയ്ക്ക് 550 രൂപയ്ക്കുമേൽ വിലയുള്ള കൂന്തൾ കരയിലെത്തിയാൽ മിനിറ്റുകൾക്കകം ഇത് വിദേശരാജ്യങ്ങളിലേക്ക് കയറ്റിപ്പോകും. ഇതിനുള്ള കമ്പനി ഏജന്റുമാരും വാഹനങ്ങളും കടപ്പുറത്ത് നേരത്തേമുതൽ തമ്പടിക്കും.
കള്ളക്കടൽ വലിയതോതിൽ കരയിലേക്ക് കയറുന്നില്ലെങ്കിലും തിരമാലകളുയർന്ന നിലയിലാണ്. മൂന്നുദിവസമായി എറിയാട് തീരത്ത് ഇതാണ് അവസ്ഥ.