പാവറട്ടി സെന്ററിൽ 'വൺവേ തെറ്റി'

നിയമലംഘനം വ്യാപകം
പാവറട്ടി : ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പാവറട്ടി സെന്ററിൽ നടപ്പാക്കിയ വൺവേ സംവിധാനം പാളുന്നു. ചാവക്കാട് റോഡിൽ സീബ്രാലൈനിൽപോലും സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതായാണ് ആരോപണം. വൺവേ നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നത് ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നു. ജൂൺ ഒന്നിനാണ് പാവറട്ടി സെന്ററിൽ വൺവേ സംവിധാനം നടപ്പാക്കിയത്.
ഇതിന്റെ ഭാഗമായി ബസുകൾ സ്റ്റാൻഡിൽനിന്നുമാത്രം യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ, ചാവക്കാട് റൂട്ടിലോടുന്ന ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് തുടരുകയാണെന്നാണ് പരാതി. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയ സീബ്രാലൈനിൽ ബസുകൾ നിർത്തുന്നത് റോഡ് മുറിച്ചുകടക്കുന്നവർക്കും ഭീഷണിയാകുന്നുണ്ട്.
കുണ്ടുവക്കടവ് ഭാഗത്തുനിന്നെത്തുന്ന ഓട്ടോറിക്ഷകൾ സെന്ററിൽ യു ടേൺ എടുത്ത് യാത്രക്കാരെ കയറ്റുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. കുണ്ടുവക്കടവ് റോഡിൽ അമ്പാടി ബിൽഡിങ്ങിനു സമീപത്തുനിന്ന് യാത്രക്കാരെ കയറ്റണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഇരുചക്രവാഹനങ്ങളും വൺവേ നിയമം ലംഘിക്കുന്നതായി പരാതിയുണ്ട്.
വ്യാപാരികളുടെ സഹകരണത്തോടെ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടും നിയമലംഘനത്തിന് കുറവില്ല. സെന്ററിൽ പോലീസ് ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
റോഡിന് വീതി കൂട്ടണം
വൺവേ സംവിധാനം കാര്യക്ഷമമാക്കണമെങ്കിൽ പാവറട്ടി സെന്ററിലെ റോഡിന് ആവശ്യമായ വീതി ഉറപ്പാക്കണമെന്ന് യാത്രക്കാരൻ എ.ജെ. ഡയസ് പറഞ്ഞു. ഗതാഗതത്തിന് തടസ്സമാകുന്ന പഴയ കെട്ടിടങ്ങൾ പൊളിക്കാനും നടപടി വേണം. വൺവേ ലംഘിക്കുന്നവരുടെ പേരിൽ ആദ്യം ബോധവത്കരണവും ആവർത്തിച്ചാൽ പിഴയുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പാക്കിയത് വേണ്ടത്ര പഠനമില്ലാതെ
പാവറട്ടിയിലെ വൺവേ സംവിധാനം അശാസ്ത്രീയമാണെന്നും വേണ്ടത്ര പഠനം നടത്താതെയാണ് ഇത് നടപ്പാക്കിയതെന്നും വ്യാപാരി പി.സി. റഹീം ആരോപിച്ചു. ബസ് സ്റ്റാൻഡിലൂടെ മറ്റു വാഹനങ്ങൾ കടത്തിവിടുന്നതും വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
റോഡിന് വീതി കുറവായതിനാൽ ഗതാഗതം സുഗമമല്ല. വാഹനങ്ങളിലെത്തുന്നവർക്ക് പാർക്കിങ് സൗകര്യമില്ലാത്തത് വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. 2022-ൽ നടത്തിയ സർവേ നിഷ്പക്ഷസമിതി അന്വേഷിക്കണമെന്നും റോഡിലെ കൈയേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.