ഓപ്പറേഷൻ തൂഫാൻ ഫുട്‌ബോൾ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി യുവാക്കളെ ലഹരിയിൽനിന്നകറ്റി കായികരംഗത്തേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ നടത്തിയ യുവജന ചാമ്പ്യൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കളായി.

വള്ളിവട്ടം യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിനെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് ക്രൈസ്റ്റ് ജേതാക്കളായത്. ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടന്നുവന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുത്തു.

സമാപനസമ്മേളനത്തിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ. ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. ഡിവൈ.എസ്.പി. എം.കെ. ഷാജി അധ്യക്ഷനായി.

സംവിധായകൻ ടോം ഇമ്മട്ടി മുഖ്യാതിഥിയായി.

ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സബ് ഇൻസ്‌പെക്ടർ ഇ.യു. സൗമ്യ, ജനമൈത്രി സി.ആർ.ഒ. എസ്.ഐ. മനോജ്, എസ്.ഐ. ജാക്‌സൺ ജോയ്, സമിതിയംഗങ്ങളായ കെ.എൻ. സുഭാഷ്, പി.ആർ. സ്റ്റാൻലി, ടെൽസൺ കോട്ടോളി, ജോൺസൺ മാമ്പിള്ളി, ഭരതൻ, രമേഷ് വാര്യർ എന്നിവർ പ്രസംഗിച്ചു.