കോൾപ്പാടങ്ങളിലെ ചണ്ടിനീക്കൽ രണ്ടാംഘട്ടം തുടങ്ങി

പടിയൂർ : തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അവുണ്ടർചാലിലെ ചണ്ടിയും കുളവാഴകളും നീക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പടിയൂർ- പൂമംഗലം കോൾമേഖലയിൽ അവുണ്ടർചാൽ മുതൽ അരിപ്പാലം ചിറവരെയുള്ള ഒന്നര കിലോമീറ്റർ കനാലാണ് കാർഷിക യന്ത്രവത്കരണ മിഷൻ (കെ.എസ്.എ.എം.എം) സഹായത്തോടുകൂടി ഹൈഡ്രോളിക് മിനി എസ്കവേറ്റർ ഉപയോഗിച്ച് കനാലിൽ വളർന്നിട്ടുള്ള ചണ്ടിയും കുളവാഴയും മറ്റു ജലസസ്യങ്ങളും നീക്കം ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ ജലാശയങ്ങളിൽനിന്ന് ചണ്ടിയും കുളവാഴയും നീക്കി തരിശായി കിടക്കുന്ന പാടങ്ങൾ കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.
ഇതിനായി 2026-27 സാമ്പത്തികവർഷത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും പൂമംഗലം പഞ്ചായത്ത് ഒരു ലക്ഷവുമാണ് പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്.
ഷൺമുഖം കനാൽ മുതൽ അരിപ്പാലം ചിറവരെയുള്ള അവുണ്ടർ ചാലും അതിനോടനുബന്ധിച്ചുള്ള ചാലുകളും പകുതിയിലേറെ വൃത്തിയാക്കി കഴിഞ്ഞു.
രണ്ടാംഘട്ടത്തിൽ കനാൽ പൂർണമായും വ്യത്തിയാക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. പൂമംഗലം, പടിയൂർ കോൾ കർഷകസംഘത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കൃഷിക്കായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് അവുണ്ടർചാൽ.
വർഷങ്ങളായി ചണ്ടിയും കുളവാഴകളും മറ്റു ജലസസ്യങ്ങളും നിറഞ്ഞ് ഈ കനാലിന്റെ സംഭരണശേഷി കുറയുകയും പാടശേഖരസമിതികളിലേക്ക് ഷൺമുഖം കനാലിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തു.
ഈ മേഖലയിലെ തരിശ്ശിട്ടിരിക്കുന്ന ഭൂമികൾ കൃഷിയോഗ്യമാക്കാനും കുടിവെള്ളത്തിന്റെ സ്രോതസ്സ് സംരക്ഷിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ കൈവരിക്കുവാൻ സാധിക്കുമെന്ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ ബാബു പറഞ്ഞു.