അയ്യന്തോളിനെ ‘കാണാതെ’ ഗൂഗിൾ തിരിച്ചുപിടിക്കാൻ നാട്ടുകാർ

തൃശ്ശൂർ: അയ്യന്തോളാണ് തൃശ്ശൂരിന്റെ ഭരണ സിരാകേന്ദ്രം. സിവിൽ സ്റ്റേഷൻ, ജില്ലാ പഞ്ചായത്ത് ആസ്ഥാനം, കോടതി സമുച്ചയം, ജില്ലാ വ്യവസായ കേന്ദ്രം, ലോ കോളേജ് തുടങ്ങിയവ ഇവിടെയാണ്. പക്ഷേ ഇൗ സ്ഥലത്തിന് ഗൂഗിൾ മാപ്പിൽ പേര് അയ്യന്തോൾ എന്നല്ല, മഡോണ നഗർ എന്നാണ്. സിവിൽ ലെയിൻ റോഡിൽ എം.ആർ. വാസു റോഡിലേക്ക് തിരിയുന്നിടത്തുള്ള കൊച്ചുസ്ഥലം മാത്രമാണ് ഗൂഗിൾ മാപ്പിലെ അയ്യന്തോൾ. മാപ്പിൽ കാണുന്ന മഡോണ നഗർ എന്ന വിശാലമായ പ്രദേശത്ത് യഥാർഥത്തിൽ ഒരു പ്രധാന സ്ഥലം പോലും ആ പേരിൽ ഇല്ല. ഇൗ വസ്തുത ഗൂഗിളിനെ അറിയിച്ച് ‘അയ്യന്തോളിനെ’ വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമം തുടങ്ങി.
അയ്യന്തോളിലെ ബിസിനസുകാരൻ പട്ടയത്ത് രാജേഷാണ് ഗൂഗിൾ മാപ്പിന്റെ അവഗണന നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതോടെ അയ്യന്തോളുകാർ രംഗത്തെത്തി. അപ്പോഴാണ് അക്കാര്യം മനസ്സിലാക്കിയത്.
അയ്യന്തോളിലേക്ക് പുതുതായി എത്തുന്നവർ അവരുടെ വിലാസം നൽകുന്നത് മഡോണ നഗർ എന്നാണ്. മഡോണ എന്ന വാക്ക് എങ്ങനെയുണ്ടായി എന്നറിയാൻ നാട്ടുകാർ അന്വേഷണം നടത്തി. വളരെ പണ്ട് അയ്യന്തോൾ മൈതാനത്തിനുസമീപം മഡോണ എന്ന പേരിൽ ഒരു പ്രിന്റിങ് പ്രസ് ഉണ്ടായിരുന്നു. അത് പിന്നീട് പൂട്ടി. ഇപ്പോൾ ഒന്നുമില്ല, ഗൂഗിൾ മാപ്പിലെ പേര് ഒഴികെ.
പേര് തിരിച്ചുകിട്ടാനായി “ഞങ്ങൾ അയ്യന്തോളുകാർ” എന്ന വാട്സാപ് കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പിൽ 1200-ലധികം പേരുണ്ട്. അയ്യന്തോളിൽ അക്ഷയ കേന്ദ്രം നടത്തുന്ന, ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടർ സാക്ഷരതാ ഗ്രാമത്തിന്റെയും മലയാളം ലിപി സോഫ്റ്റ്വേറിന്റെയും ശില്പിയായ എ.ഡി. ജയനാണ് നേതൃത്വം കൊടുക്കുന്നത്.
എല്ലാവരും കൂട്ടമായി ഗൂഗിളിലേക്ക് വിവരങ്ങൾ അയയ്ക്കുന്നുണ്ട്. പേരുമാറ്റം ഉടനുണ്ടാകുമെന്നാണ് സൂചന.