പുതുക്കാട് മേൽപ്പാലം: മുന്നറിയിപ്പില്ലാതെ കോളേജ് റോഡ് പൊളിച്ചു

പുതുക്കാട് : ദേശീയപാത വീതി കൂട്ടുന്നതിന് ബദൽസംവിധാധനമൊരുക്കാതെ പ്രജ്യോതിനികേതൻ കോളേജിലേക്കുള്ള റോഡ് പൊളിച്ചതോടെ വഴിനടക്കാൻ മാർഗമില്ലാതെ വിദ്യാർഥികൾ. പുതുക്കാട് മേൽപ്പാലംപണിക്കായി ബദൽമാർഗമോ മുന്നറിയിപ്പോ ഇല്ലാതെ റോഡ് പൊളിച്ചതിൽ സ്ഥാപകമാനേജർ ഫാ. ഹർഷജൻ പഴയാറ്റിൽ സുരേഷ്ഗോപി എം.പി.യെയും ദേശീയപാത അധികൃതരെയും പരാതി അറിയിച്ചു. എന്നാൽ, ദേശീയപാത നിർമാണച്ചുമതലയുള്ള കമ്പനി നടപടി നിർത്തിവെക്കാൻ തയ്യാറായിട്ടില്ല.
ദേശീയപാതയിലെ പുതുക്കാട് സെന്ററിനോട് ചേർന്നുള്ള റോഡിൽ രണ്ടുദിവസമായി വശങ്ങൾ വീതികൂട്ടുന്നതിനുള്ള പണി നടക്കുന്നുണ്ട്. എന്നാൽ, ബുധനാഴ്ച വൈകീട്ട് കോളേജിലേക്കുള്ള റോഡ് പത്തടിയോളം താഴ്‌ചയിൽ പൊളിച്ചതാണ് പരാതിക്കിടയാക്കിയത്. റോഡിന്റെ 90 ശതമാനത്തോളം പൊളിച്ചുകഴിഞ്ഞു. 800 വിദ്യാർഥികളും 60 ജീവനക്കാരുമുള്ള കോളേജിലേക്കുള്ള ഒരേയൊരു റോഡാണ് അധികൃതരെ വിവരമറിയിക്കാതെ പൊളിച്ചത്. കുട്ടികൾക്ക് നടന്നുപോകാൻപോലും കഴിയാത്ത സാഹചര്യമാണ്.
പണിനടക്കുന്ന സഥലത്തെത്തിയ ഫാ. ഹർഷജൻ, ലെയ്സൺ ഓഫീസർ സുധീഷിനെ കണ്ട് പ്രശ്‌നം അവതരിപ്പിച്ചു. ഇപ്പോൾ പൊളിച്ചതിന്റെ കിഴക്കുവശത്ത് ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലത്തുനിന്ന് കോളേജിലേക്ക് ആറുമീറ്റർ വഴി തുറന്നുതരണമെന്നായിരുന്നു ഫാ. ഹർഷജൻ പഴയാറ്റിലിന്റെ ആവശ്യം.എന്നാൽ, ഇപ്പോൾ പൊളിച്ച റോഡിന് സമീപത്തായി മൂന്നുമീറ്റർ വീതിയുള്ള 100 മീറ്റർ റോഡ് കോളേജിന് ഉപയോഗിക്കാമെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞത്. കോളേജുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആറുമീറ്റർ വീതിയുള്ള റോഡ് സർക്കാർ ഉത്തരവിൽ പറയുന്നതാണെന്നും നിലവിലെ മൂന്നുമീറ്റർ റോഡിൽ വലിയ വാഹനങ്ങൾക്ക് തിരിക്കാനുള്ള സൗകര്യമില്ലെന്നുമായിരുന്നു മാനേജരുടെ വാദം.
തുടർന്ന് കോളേജിലേക്ക് വഴിയുണ്ടാക്കിത്തരാമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാമെന്നും ലെയ്‌സൺ ഓഫീസർ അറിയിച്ചു. വിദ്യാർഥികൾ നടന്നുപോകുന്ന വഴി മുന്നറിയിപ്പില്ലാതെ പൊളിച്ചത് ചട്ടവിരുദ്ധമാണെന്നും പൊതുനന്മ കണക്കാക്കി റോഡുപണി തടയുകയോ കോടതിയെ സമീപിക്കുകയോ ചെയ്യില്ലെന്നും ഫാ. ഹർഷജൻ പഴയാറ്റിൽ പറഞ്ഞു.