കെട്ടിടങ്ങൾ പൊളിച്ച് നീക്കിത്തുടങ്ങി

സംസ്ഥാനപാതയിലെ മുണ്ടൂർ-പുറ്റേക്കര കുപ്പിക്കഴുത്തിന് പരിഹാരം
മുണ്ടൂർ : തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.86 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാതയാക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. 265 ഗുണഭോക്താക്കളിൽനിന്നായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റ് നിർമാണങ്ങളുമാണ് പൊളിച്ചുനീക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 25.57 കോടി രൂപ ഉപയോഗിച്ചാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാരത്തുകയായി നൽകിയാണ് അഞ്ഞൂർ വില്ലേജിലെ 177 സെന്റ് ഭൂമി കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനായി ഏറ്റെടുത്തത്.
ആകെ 280 ഗുണഭോക്താക്കളിൽ 265 പേരിൽനിന്ന് നടപടികൾ മുഴുവൻ പൂർത്തിയാക്കി ഭൂമിയേറ്റെടുത്ത് പൊതുമരാമത്തുവകുപ്പിന് കൈമാറി. ശേഷിക്കുന്ന ഗുണഭോക്താക്കൾക്കുള്ള നഷ്‌ടപരിഹാരം കോടതിയിൽ അടവാക്കി.
ഏറ്റെടുത്ത ഭൂമിയിൽ റോഡു നിർമിച്ച് നാലുവരിപ്പാതയാക്കുന്നതിന് പരമാവധി 10 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കെ.എസ്.ടി.പി. റോഡുനിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സേവിങ്‌സ് തുക ഉപയോഗിച്ചോ, ഭൂമി ഏറ്റെടുക്കലിനായുള്ള ഭരണാനുമതിയിലെ ശേഷിക്കുന്ന തുക ഉപയോഗിച്ചോ റോഡുനിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. പറഞ്ഞു.
സംസ്ഥാനപാത 69-ലെ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.86 കിലോമീറ്റർ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് രൂപപ്പെട്ട് അപകടങ്ങൾ പതിവായതോടെ, ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കണമെന്നത് ദീർഘകാല ആവശ്യമായിരുന്നു.