ആഘോഷയാത്രയ്ക്ക് വീണ്ടും ഡബിൾ ഡെക്കർ

വിവാഹ ആവശ്യങ്ങൾക്കും ബുക്ക് ചെയ്യാം

തൃശ്ശൂർ : നഗരക്കാഴ്‌ചകൾ ആസ്വദിക്കാനും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്താനും കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസ് സർവീസ് വീണ്ടും യാത്ര ആരംഭിച്ചു. 15-ന് ആരംഭിച്ച സർവീസിൽ മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമായി യാത്രചെയ്യാം. കെ.എസ്.ആർ.ടി.സി. ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള സർവീസ് രാവിലെ എട്ടിനും ഉച്ചകഴിഞ്ഞു മൂന്നിനും പുറപ്പെടും. ഈ സർവീസിൽ മുകളിലത്തെ നിലയിൽ യാത്രചെയ്യാൻ 250 രൂപയും താഴത്തെ നിലയിൽ യാത്രചെയ്യാൻ 120 രൂപയുമാണ് നിരക്ക്.

നഗരത്തിൽനിന്ന് ശോഭാ സിറ്റിയിലേക്കും തിരിച്ചുമുള്ള നഗരക്കാഴ്‌ചായാത്രകളുമുണ്ട്. വൈകീട്ട് 5.30, 7.30, രാത്രി 9.15 എന്നീ സമയങ്ങളിലാണ് ഈ സർവീസുകൾ. നഗരയാത്രയിൽ മുകളിലത്തെ നിലയ്ക്ക് 200 രൂപയും താഴത്തെ നിലയ്ക്ക് 100 രൂപയുമാണ് നിരക്ക്. ആകെ 64 സീറ്റുകളുള്ള ബസിൽ 36 സീറ്റുകൾ മുകളിലത്തെ നിലയിലാണ്. സംഘങ്ങളായി യാത്രചെയ്യാനും ബസ് വാടകയ്ക്ക് ലഭിക്കും. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ബസ് ഉപയോഗിക്കാം. എന്നാൽ, യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന റൂട്ട് ഡബിൾ ഡെക്കർ ബസിന് അനുയോജ്യമാകണം. കെ.എസ്.ആർ.ടി.സി. ആപ്പിലൂടെയാണ് ടിക്കറ്റ് ബുക്കിങ്.

ബുക്ക്‌ ചെയ്യാത്തവർക്ക് വഴിയിൽനിന്ന് കയറി ടിക്കറ്റെടുക്കാം. യാത്ര പുനരാരംഭിച്ചതു കൂടുതൽ യാത്രക്കാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. അധികൃതർ.