ആശ്വാസം, നടവരമ്പിൽ കുടിവെള്ളമെത്തി

നടവരമ്പ് : ചിറവളവിൽ കലുങ്കുനിർമാണത്തിന്റെയും റോഡുപണിയുടെയും ഭാഗമായി മുടങ്ങിയ നടവരമ്പ് ഉന്നതി, ലക്ഷംവീട് പ്രദേശങ്ങളിലെ കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു. കലുങ്കുനിർമാണം ഭാഗികമായി പൂർത്തിയായതോടെ നിർമാണസ്ഥലത്തിന്റെ അരികിലൂടെ പൈപ്പ് സ്ഥാപിച്ചാണ് വിതരണം പുനരാരംഭിച്ചത്.
കലുങ്കുപണി തുടങ്ങിയപ്പോൾ കണക്ഷൻ വിച്ഛേദിച്ചതിന്റെ ഭാഗമായി ഒൻപതു ദിവസത്തോളം പ്രദേശത്ത് കുടിവെള്ളവിതരണം തടസ്സപ്പെട്ടിരുന്നു. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതു സംബന്ധിച്ച വാർത്ത മാതൃഭൂമിയിൽ വന്നിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ ഘട്ടത്തിൽ വാർഡംഗം എം.വി. അയ്യപ്പന്റെ നേതൃത്വത്തിൽ കെ.എസ്.ടി.പി.യുടെ സഹകരണത്തോടെ വീടുകളിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണംചെയ്താണ് താത്കാലിക പരിഹാരം കണ്ടത്.
കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.