ഉയരം കൂടുംതോറും ഈ കുടുംബത്തിന്റെ ദുരിതവും കൂടും

പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത ഭാര്യയും മകനുമായി മൂന്നാം നിലയിൽ കഴിയുന്ന ഗൃഹനാഥന്റെ ദുരിതം കാണാതെ അധികൃതർ

ഗുരുവായൂർ : ജന്മനാ കാഴ്‌ചശക്തിയില്ലാതെയും നടക്കാൻ കഴിയാതെയും വീടിനകത്ത് നിരങ്ങിനീങ്ങുന്ന മകൻ... ശരീരത്തിന്റെ ഒരുഭാഗം തളർന്ന ഭാര്യ... പരസഹായമില്ലാതെ ഒരടിപോലും നടക്കാൻ കഴിയാത്ത ഇരുവരുമായി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ താമസിക്കുന്ന മണിയുടെ ദൈന്യത മാത്രം കാണേണ്ടവർ കാണുന്നില്ല.

കാവീട് വെട്ടേക്കാട്ട് മണിയുടെ കുടുംബം നഗരസഭയ്ക്കു കീഴിലുള്ള ഇ.എം.എസ്. സ്മാരക എസ്.സി. ഫ്ളാറ്റിലാണ് താമസം. വാടകവീട്ടിൽനിന്നു സുരക്ഷിതമായ ഒരു കൂരയ്ക്ക് കീഴെ എത്തിയപ്പോഴും ഇവർക്കു പൂർണമായി സന്തോഷിക്കാനായില്ല. പരിമിതികളുള്ള ഭാര്യയെയും മകനെയുംകൊണ്ട് മൂന്നാംനിലയിലുള്ള ഫ്ലാറ്റിൽ മണി കഴിയുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.

ഇരുവരേയും ഇടയ്ക്കിടെ ഡോക്ടറെ കാണിക്കേണ്ടതുണ്ട്. അതിനുവേണ്ടി അവരെ താഴെയിറക്കുന്ന കാഴ്‌ച കണ്ടാൽ ആരുടെയും നെഞ്ചുതകരും. മണിയുടെ ഭാര്യ സന്ധ്യ (47) രണ്ടുവർഷത്തോളമായി കിടപ്പിലായിട്ട്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസം കഴിയുമ്പോഴേക്കും സ്‌ട്രോക്ക് വന്നു. ഇടതുഭാഗം തളർന്നു.

ഭാര്യയ്ക്കും 12 വയസ്സുകാരനായ മകനും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനടക്കം മണി ഒപ്പം നിൽക്കണം. കൂലിപ്പണിക്കാരനായ അദ്ദേഹത്തിന് ദൂരെയ്ക്കൊന്നും പോകാനും പറ്റില്ല. വീടിനടുത്ത് ചെറിയ പണികളുണ്ടെങ്കിൽ പോകും. രണ്ടുപേർക്കും ഭക്ഷണം കൊടുത്തശേഷമേ പോകാനാകൂ. ഇടക്കിടെ വന്നുനോക്കുകയും വേണം.

കുന്നംകുളം കാണിപ്പയ്യൂരിലെ ആയുർവേദ ആശുപത്രിയിൽ ഹെൽപ്പറായി ജോലിചെയ്യുകയായിരുന്നു സന്ധ്യ. നവനീത് പാലുവായ് സെയ്ന്റ് ആന്റണീസ് സ്‌കൂളിൽ പരസഹായത്താൽ മൂന്നാംക്ലാസ്‌ വരെ പോയി. നഗരസഭയുടെ ഫ്ലാറ്റിൽ ഇവർക്ക് താമസസൗകര്യം നൽകുമ്പോഴും അമ്മയുടെയും മകന്റെയും സ്ഥിതി ഇങ്ങനെത്തന്നെയായിരുന്നു.

എന്നിട്ടും മുകളിലത്തെ നിലയിലാണ് മുറി ലഭിച്ചത്. കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യവുമില്ല. താഴെയിറങ്ങാനുള്ള ഈ പ്രയാസം കാരണം മൂന്നാംനിലയിൽനിന്ന് താഴത്തെ നിലയിലെ മുറിയിലേക്ക് മാറ്റണമെന്നാണു കുടുംബത്തിന്റെ ആവശ്യം.