ചാവക്കാട് ഗവ. ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ നവീകരണം; ജനുവരിയോടെ കഴിയും

ചാവക്കാട് : ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ഹോസ്റ്റൽ കെട്ടിടം, മെസ് ഹാൾ, ഓഫീസ് ബ്ലോക്ക്, ലാബ് കെട്ടിടം എന്നിവയുടെ നിർമാണം പൂർത്തീകരിച്ചതായി തീരദേശ വികസന കോർപറേഷൻ റീജണൽ മാനേജർ സീമ അറിയിച്ചു. പുതിയ ക്ലാസ്‌മുറികൾ, കൗൺസിൽ ഹാൾ, ഗേറ്റ്, ചുറ്റുമതിൽ എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ജനുവരിയോടെ മുഴുവൻ പണികളും പൂർത്തിയാക്കാമെന്നും തീരദേശ വികസന കോർപറേഷൻ അസി. എക്‌സി. എൻജിനീയർ പി.എസ്. സുബിൻ അറിയിച്ചു.
സ്‌കൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2.64 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് 2025 നവംബറിൽ ആദ്യഘട്ടമായി അനുമതി ലഭിച്ചിരുന്നത്.
പഴയ കെട്ടിടങ്ങളുടെ പൊളിച്ചുമാറ്റൽ പൂർത്തിയായതായും മരങ്ങൾ മുറിക്കാനുള്ള നടപടികൾ പൂർത്തിയായതായും ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു. മരം മുറിച്ചുമാറ്റി കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നവീകരണം വേഗത്തിൽ ചെയ്തുതീർക്കാനും രണ്ടാംഘട്ടത്തിൽ ഓഡിറ്റോറിയം, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഗ്രൗണ്ട് സൗന്ദര്യവത്കരണം തുടങ്ങിയവ ഉൾപ്പെടുത്താനും എം.എൽ.എ. റീജണൽ മാനേജർക്ക് നിർദേശം നൽകി.
യോഗത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. യതീന്ദ്രദാസ്, കെ.ആർ. രഞ്ജിത്ത്കുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്, നഗരസഭ സെക്രട്ടറി എം. സന്തോഷ്‌കുമാർ, നഗരസഭാ എൻജിനീയർ സി.എൽ. ടോണി, സ്‌കൂൾ ഹെഡ്മാസ്റ്റർ മോഹൻരാജ് എന്നിവർ പങ്കെടുത്തു.