ഫലം കാണാതെ അന്ത്യശാസനയും; വിഷമണ്ണിൽനിന്ന് മുക്തിയില്ല

രാസമാലിന്യം കലർന്ന മണ്ണ് നീക്കുന്നത് വീണ്ടും പൂർണമായും നിലച്ചു
എറിയാട് : സർക്കാർ നൽകിയ അന്ത്യശാസനയും ഫലംകണ്ടില്ല. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങളും ഭൂമികളും തോടുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് നീക്കംചെയ്യൽ വീണ്ടും പൂർണമായും നിലച്ചു.
ഇതോടെ രാസമാലിന്യത്തിൽനിന്ന് തീരദേശജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.
രാസമാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സമരപരമ്പരകൾ അരങ്ങേറിയതിനെത്തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസും ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസും കേന്ദ്രീകരിച്ച് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സെപ്റ്റംബർ 14-ന് മണ്ണ് നീക്കാൻ ആരംഭിച്ചത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് രണ്ടാഴ്ചക്കുള്ളിൽ ഭൂവുടമകളുടെയും ഇടനിലക്കാരുടെയും കരാർ കമ്പനിയുടെയും ചെലവിൽ നീക്കാനായിരുന്നു ആർ.ഡി.ഒ. വിളിച്ച യോഗത്തിലെ തീരുമാനം.
മണ്ണ് കൊണ്ടു പോകുന്നതിന് പാസ് നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ണ് കൊണ്ടുവന്ന ഇടയാറിലെ ബിനാനി സിങ്ക് കമ്പനിയുടെ സ്ഥലത്തുതന്നെ തിരിച്ചിടാനായിരുന്നു ആർ.ഡി.ഒ. യുടെ ഉത്തരവ്. എന്നാൽ, മണ്ണുനീക്കൽ പേരിനു മാത്രമായി മാറുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായെത്തിയപ്പോൾ കഴിഞ്ഞ 14-ന് ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസിൽ വീണ്ടും യോഗം ചേർന്ന് ഒക്ടോബർ 28-നകം മണ്ണ് പൂർണമായും നീക്കണമെന്ന് സർക്കാർ ഭൂവുടമകൾക്കും ഇടനിലക്കാർക്കും കരാർ കമ്പനിക്കും അന്ത്യശാസനം നൽകി. തുടർന്ന് 15-നും 16-നും ഏതാനം ലോഡ് മണ്ണ് നീക്കിയെങ്കിലും പിന്നീട് പൂർണമായി സ്തംഭിച്ചു.
മണ്ണ് കൊണ്ടു പോകാനുള്ള ടോറസ്ലോറികൾ കരാറുകമ്പനിയോട് വിട്ടുകൊടുക്കുവാൻ ആർ.ടി.ഒ. ഉത്തരവിട്ടിരുന്നു. എന്നാൽ, ആദ്യത്തെ രണ്ടുദിവസം മണ്ണ് കൊണ്ടുപോകാൻ ഏതാനും ലോറികൾ എത്തിച്ചെങ്കിലും പിന്നീട് ഒരു ലോറിപോലും എത്തിയില്ല.
നൂറുകണക്കിന് ലോഡ് മണ്ണാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി നീക്കംചെയ്യാനുള്ളത്. സെപ്റ്റംബർ 14-ന് ആരംഭിച്ചെങ്കിലും 40 ദിവസം പിന്നിടുമ്പോൾ 55 ലോഡ് മണ്ണ് മാത്രമാണ്് ഇതുവരെ നീക്കിയത്.
ഏറ്റവും കൂടുതൽ മണ്ണ് അടിച്ചിട്ടുള്ള ഏക്കർകണക്കിന് വരുന്ന പറമ്പുകളിലെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുമില്ല. സർക്കാരിന്റെ അന്ത്യശാസനവും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ വീണ്ടും പ്രക്ഷോഭവുമായി രംഗത്തിറങ്ങാനൊരുങ്ങുന്നത്.