രാവിലെ ഹൈടെക് ടാറിടൽ ഉച്ചകഴിഞ്ഞ് വെട്ടിപ്പൊളി

ഒല്ലൂർ: കോർപറേഷൻ 28-ാം ഡിവിഷനിൽ അഞ്ചേരി ശ്രീനാരായണസേവാ സംഘത്തിനുസമീപം പൊതുമരാമത്ത് റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തതിനു തൊട്ടുപിന്നാലെ വെട്ടിപ്പൊളിക്കാൻ വാട്ടർ അതോറിറ്റിയെത്തി. ക്രിസ്റ്റഫർനഗർ മുതൽ കുട്ടനെല്ലൂർ തോട്ടപ്പടി വരെയാണ് രണ്ടുദിവസംമുൻപ് റോഡിന്റെ ടാറിടൽ ജോലികൾ ആരംഭിച്ചത്.

ഈ ഭാഗത്ത് പലയിടത്തും കുടിവെള്ള പൈപ്പുകൾക്ക് ചോർച്ചയുണ്ട്. നാട്ടുകാർ വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും ഇതുവരെ പരിഹാരത്തിന് നടപടിയെടുത്തിരുന്നില്ല. വെട്ടിപ്പൊളിച്ച ഭാഗത്ത് മുൻപ് ചോർച്ചയുണ്ടായിരുന്നു. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള ഗാർഹിക കണക്ഷൻ പോകുന്നിടത്താണ് ചോർച്ചയുണ്ടായിരുന്നത്.

വ്യാഴാഴ്ച മുതൽ ഇവിടെ ടാറിടാൻ എല്ലാം സജ്ജമായിരിക്കെ ബുധനാഴ്ച രാത്രി ഈ ഭാഗത്ത് ചോർച്ച കൂടി. ഈ വിവരം രാത്രിതന്നെ വാട്ടർ അതോറിറ്റി, പൊതുമരാമത്ത് അധികൃതരെ അറിയിക്കുകയും ചെയ്തെന്ന് കൗൺസിലർ നീതു ദിലീഷ് പറഞ്ഞു. പിറ്റേന്ന് ഈ ഭാഗത്തെ ചോർച്ച പരിഹരിക്കാതെ ടാറിടൽ പൂർത്തിയാക്കി.

ചോർച്ച പരിഹരിക്കാതെ ടാറിട്ട ഭാഗത്തുകൂടി കൂടുതൽ വെള്ളം വരാൻ തുടങ്ങിയതിനെത്തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ താത്കാലിക ജീവനക്കാരെത്തി റോഡിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചത്. ചോർച്ചയുള്ള ഭാഗം ഒഴിവാക്കി ടാറിടാൻ നിർദേശം നൽകിയിരുന്നുവെന്നാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പറയുന്നത്. എന്നാൽ, ചോർച്ചയുണ്ടായ ഭാഗത്തെ തകരാർ കണ്ടുപിടിക്കാൻ ആദ്യം കഴിഞ്ഞില്ലെന്നും പിന്നീടാണ് റോഡിന്‍റെ മധ്യഭാഗത്ത് പൈപ്പിന്റെ പൊട്ടൽ കണ്ടെത്താനായതെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.