ഭക്തിനിർഭരമായി വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക്

ചാവക്കാട് വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ്
ചാവക്കാട് വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ്

ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തിൽ തത്ത്വമസി ഗൾഫ് നടത്തിയ ദേശവിളക്കുത്സവം ഭക്തിനിർഭരമായി. വൈകീട്ട് ദീപാരാധനയ്ക്കുശേഷം തിരുവത്ര ഗ്രാമക്കുളം കാർത്യായനി ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പാലക്കൊമ്പെഴുന്നള്ളിപ്പ് രാത്രി പത്തോടെ ക്ഷേത്രത്തിലെത്തി.

500 താലങ്ങളുടെയും തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻകലാരൂപങ്ങൾ, തുള്ളൽ എന്നിവയുടെയും അകമ്പടിയോടെയെത്തിയ എഴുന്നള്ളിപ്പിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു.

ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭജനമണ്ഡലി ഗുരുവായൂരിന്റെ ഭക്തിഗാനമേളയുണ്ടായി. തുടർന്ന് ഉടുക്കുപാട്ട്, തിരിയുഴിച്ചിൽ, പാൽക്കിണ്ടിയെഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും എന്നിവയും ഉണ്ടായി. പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കും രാത്രിയിലുമായി പതിനായിരം പേർക്കുള്ള അന്നദാനവും ഒരുക്കിയിരുന്നു.

രാവിലെമുതൽ ഭക്തർക്ക് വിളക്കുപന്തലിൽ ദർശനസൗകര്യവും ഒരുക്കിയിരുന്നു. തത്ത്വമസി ഗൾഫ് ഭാരവാഹികളായ എൻ.ബി. ബിനീഷ്‌രാജ്, രഞ്ജിത്ത് ശിവരാമൻ, എൻ.വി ഷിജിത്ത്, ഗുരുപാദപുരി അയ്യപ്പസേവാസംഘം ഭാരവാഹികളായ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, കൺവീനർ എൻ.വി. മധു, ഖജാൻജി എൻ.കെ പുഷ്പദാസ് എന്നിവർ നേതൃത്വം നൽകി.

Content Highlights: The Deshavilakku festival at Chavakkad Viswanatha Temple was celebrated with devotional fervour, featuring cultural processions and a grand feast.