അയ്യനെ കാണാൻ കാൽനടയായി.. ഇരുപത്തി മൂന്നാം വർഷം

വിതുര: കാൽനടയായി അയ്യനെ കാണാൻ പോകുന്ന പതിവ് ഇരുപത്തി മൂന്നാം വർഷവും അവർ തെറ്റിച്ചില്ല. കഠിന വ്രതമെടുത്ത് കറുപ്പു ധരിച്ച് ഇരുമുടിയേന്തി ശരണം വിളികളോടെ വിതുര മഹാദേവദേവീക്ഷേത്ര സന്നിധിയിൽ നിന്ന് സന്നിധാനത്തിലേക്ക് ഇക്കുറി നടന്നു പോയത് 30 പേർ. കോവിഡ് കാലം തടസപ്പെടുത്തിയ 2020-ലെ മണ്ഡലകാലത്ത് മാത്രമാണ് യാത്ര മുടങ്ങിയത്. തുടക്കത്തിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നു മലയാത്രയിലുണ്ടായിരുന്നത്. പിന്നീട് ഓരോ തീർഥാടന കാലമെത്തുമ്പോഴും എണ്ണം കൂടി. വർഷങ്ങളോളം മല കയറിയ ഗുരു സ്വാമി മുതൽ കന്നി അയ്യപ്പൻ വരെ കൂട്ടത്തിലുണ്ട്. യാത്രയ്ക്കിടയിലെ വെയിലും മഴയുമൊന്നും തങ്ങളെ ബാധിക്കാറില്ലെന്ന് തീർഥാടകർ പറയുന്നു. ആഴ്ചകളോളം നോറ്റ വ്രതം എല്ലാ തടസങ്ങളെയും നേരിടാനുള്ള മനോബലം നൽകുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച ക്ഷേത്ര സന്നിധിയിൽ നിന്ന് യാത്ര തിരിച്ച സംഘം കുന്നിൽ മേലാംകോട്, കുളത്തൂപ്പുഴ ധർമ ശാസ്താ ക്ഷേത്രം, പുനലൂർ കൈപ്പുഴ മഹാദേവ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, എരുമേലി, കാളകെട്ടി, കാനനപാത വഴി സന്നിധാനത്ത് എത്തിച്ചേരും.
Content Highlights: A group of 30 devotees from Vithura embarks on their 23rd annual foot pilgrimage to the Sabarimala Sannidhanam.