ജല അതോറിറ്റി ഓഫീസിന് മുന്നിൽ പൈപ്പ് പൊട്ടി; ഇവിടെ പൊട്ടുന്നത് ആറാം തവണ

നെയ്യാറ്റിൻകര: ജല അതോറിറ്റി ഡിവിഷണൽ ഓഫീസിനുമുന്നിൽ പൈപ്പ് പൊട്ടി. ഇവിടെ പൈപ്പ് പൊട്ടുന്നത് ആറാംതവണയാണ്. പൈപ്പ് പൊട്ടുമ്പോഴെല്ലാം ചോർച്ചയടയ്ക്കാറുണ്ടെങ്കിലും വീണ്ടും ഇവിടെ തന്നെ പൈപ്പ് പൊട്ടുകയാണ്.
നഗര കുടിവെള്ളപദ്ധതി വന്ന കാലത്ത് സ്ഥാപിച്ച എ.സി. പൈപ്പ് ഉൾപ്പെടെയുള്ള സർവീസ് ലൈനാണ് സ്ഥിരമായി പൊട്ടുന്നത്. ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസിന് എതിർവശത്തായുള്ള ഭാഗത്താണ് ഞായറാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ ജല അതോറിറ്റിയെ അറിയിച്ചതിനെത്തുടർന്ന് ഇവിടത്തെ വാൽവ് ക്ലോസ് ചെയ്തു. പൈപ്പ് പൊട്ടൽ ഇവിടെ സ്ഥിരമായത് കാരണം ഈ റോഡിലേക്ക് കുടിവെള്ളം അടിക്കടി മുടങ്ങുകയാണ്. ഇവിടത്തെ പഴയ എ.സി. പൈപ്പ് മാറ്റാത്തതാണ് പൈപ്പ് അടിക്കടി പൊട്ടാൻ കാരണം.
ഇവിടെ പുതിയ നഗര കുടിവെള്ളപദ്ധതിക്കായി പുതിയ പൈപ്പ് സ്ഥാപിച്ചെങ്കിലും എ.സി. പൈപ്പ് മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റി തയ്യാറായിട്ടില്ല. ഇത് കാരണമാണ് ഇവിടെ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലെന്ന് നാട്ടുകാർ ആരോപിക്കുന്നത്. ചോർച്ച തിങ്കളാഴ്ച പരിഹരിക്കുമെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി.
Content Highlights: A drinking water pipe burst for the sixth time in front of the Kerala Water Authority divisional office in Neyyattinkara, disrupting supply.