പ്രകൃതി ദുരന്തങ്ങളിൽ ഇനി കോസ്റ്റൽ പോലീസും രക്ഷാപ്രവർത്തകരാകും; പരിശീലനം നല്‍കാൻ ദുരന്ത നിവാരണസേന

#സ്വന്തം ലേഖകൻ
കടലില്‍ കോസ്റ്റല്‍ പോലീസിലെ സേനാംഗങ്ങള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയപ്പോള്‍
കടലില്‍ കോസ്റ്റല്‍ പോലീസിലെ സേനാംഗങ്ങള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയപ്പോള്‍

തിരുവനന്തപുരം (വിഴിഞ്ഞം): ചുഴലിക്കൊടുങ്കാറ്റും ശക്തമായ കടലേറ്റവും വെളളപ്പൊക്കവും അടക്കമുളള പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ സംസ്ഥാന കോസ്റ്റല്‍ പോലീസിന് ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലനം നല്‍കുന്നു. മറ്റ് സൈനിക വിഭാഗങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുന്ന തരത്തിലുളള പരിശീലനമാണ് ദേശീയദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) യുടെ സഹായത്തോടെ കോസ്റ്റല്‍ പോലീസിന് നല്‍കുക.

ദുരന്ത നിവാരണ സേനയുടെ പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ കോസ്റ്റല്‍ പോലീസിനും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടത്താനാകും എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കടല്‍ അപകടങ്ങളുണ്ടാകുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നതിനെക്കുറിച്ച് നാവികസേനയുടെ സഹായത്തോടെയും കോസ്റ്റല്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

ഓഖിയും പ്രളയവും ഉണ്ടായ സമയത്ത് കോസ്റ്റല്‍ പോലീസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിചയക്കുറവുകാരണം കോസ്റ്റല്‍ പോലീസിലെ സേനാംഗങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായികളാകാനേ കഴിഞ്ഞിരുന്നുളളു. ഈ കുറവ് പരിഹരിക്കാനാണ് സംസ്ഥാനത്തെ 18 കോസ്റ്റല്‍ പോലീസിലെയും സേനാംഗങ്ങള്‍ക്ക് ദുരന്ത നിവാരണ സേനയുടെയും തീവ്രപരിശീലനം നല്‍കുന്നത്.

തീരദേശ മേഖകളിലുളളവരാണ് പലപ്പോഴും ദുരന്തങ്ങളില്‍ പെടുന്നത്. ഇവരുള്‍പ്പെട്ടവരെ ദുരന്തങ്ങളില്‍ നിന്ന്  രക്ഷപെടുത്തുന്നതിനുളള പരിശീലനമാണ് ദേശീയ ദുരന്തനിവാരണ സേന നല്‍കുക. ഇത് സംബന്ധിച്ചുളള നടപടികള്‍ പൂര്‍ത്തിയായിവരുന്നു എന്ന് കോസ്റ്റല്‍ സെക്യൂരിറ്റി അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍  ജി. പൂങ്കുഴലി മാത്യഭൂമിയോട് പറഞ്ഞു.

കോസ്റ്റല്‍ പോലീസിലെ സേനാംഗങ്ങള്‍ ഇനി പാറമടകളിലും കടലിലും നീന്തണം

നീന്തല്‍ വശമില്ലാത്തതിനെ തുടര്‍ന്ന് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമല്ലെന്നുളള ആരോപണത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസിലെ 580 പേര്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതി തുടരുകയാണ്. 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെയും സി.പി.ഒ. തലം മുതല്‍ ഇന്‍സ്‌പെക്ടര്‍വരെ ഉളളവരെയാണ് നിര്‍ബന്ധമായും നീന്തല്‍ പഠിപ്പിക്കുന്നത്.

ഇതിനായുളള പരിശീലനം എല്ലാ ജില്ലകളിലും ഏതാണ്ട് പൂര്‍ത്തിയായി. ഇതില്‍ തോറ്റുപോയവര്‍ക്ക് വീണ്ടും പരീശീലനം നല്‍കി നീന്തല്‍ പഠിപ്പിക്കുമെന്ന് അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

നീന്തല്‍ക്കുളങ്ങളിള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്ക് കടലിലും പാറമടക്കെട്ടുകളിലും നീന്തുന്നതിനുളള പരിശീലനവും തുടങ്ങി. അതാത് ജില്ലകളിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പരിശീലകരാണ് ഇവരെ നീന്തല്‍ പഠിപ്പിക്കുന്നത്. വ്യാഴാഴ്ച കൊച്ചിയില്‍ കടല്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.

കോസ്റ്റല്‍ പോലീസിന് അഞ്ച് കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളും

ഉപകരങ്ങളുടെ കുറവുകാരണം കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയാത്തത് സേനയ്ക്ക് പലപ്പോഴും നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിന് കോസ്റ്റല്‍ പോലീസിന് അഞ്ചുകോടി രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ മിക്കതും മാര്‍ച്ച് അവസാനത്തോടെ ലഭിക്കുമെന്ന് എ.ഐ.ജി. പറഞ്ഞു.

ഇതുപയോഗിച്ച് രാത്രി കാഴ്ച്ചകള്‍ അടക്കമുളളവ കാണുന്നതിനുളള ബൈനോക്കുലര്‍, ഇന്റര്‍ സെപ്റ്റര്‍ ബോട്ട്, ഡ്രോണ്‍, കടലില്‍ നിന്ന് കരയിലേക്ക് ബന്ധപ്പെടാനുളള വി.എച്ച്.എഫ്. സെറ്റ്, അസ്‌കാ ലൈറ്റുകള്‍, ബോട്ടുകളില്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം സ്ഥാപിക്കുന്നതടക്കമുളള ഉപകരങ്ങളാണ് സജ്ജമാക്കുന്നത്.

Content Highlights: National Disaster Response Force gave training to State Coastal Police to deal with natural disaster