കോടതിയിലും പരിസരത്തും വൈദ്യുതിമുടക്കം പതിവ്

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കോടതിയിലും കോടതി റോഡിലും പരിസരത്തും വൈദ്യുതിമുടക്കം പതിവായതിൽ പ്രതിഷേധിച്ച് ഉപരോധസമരം നടത്തി. ബി.ജെ.പി. ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനിയറെയാണ് ഉപരോധിച്ചത്.
കോടതി കൂടുന്ന സമയങ്ങളിൽ വൈദ്യുതിമുടക്കം പതിവാണ്. ഇതുകാരണം കോടതി കൂടുന്നതിനും തടസ്സമായി വരുന്നു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പി. ലീഗൽ സെൽ സംസ്ഥാന സഹ കൺവീനർ അഡ്വ. രഞ്ജിത്ചന്ദ്രന്റെ നേതൃത്വത്തിൽ ഉപരോധസമരം നടത്തിയത്.
വൈദ്യുതിമുടക്കം ഒഴിവാക്കുന്നതിന് ശാശ്വത നടപടി ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി.
മാത്രമല്ല, കോടതിവളപ്പിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാമെന്നും കെ.എസ്.ഇ.ബി. അധികൃതർ ഉറപ്പ് നൽകി. ഇതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഉപരോധസമരത്തിന് അക്ഷയ്, നിതീഷ്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അനന്ദു എന്നിവർ പങ്കെടുത്തു.