പ്രാവച്ചമ്പലം-പൊറ്റവിള റോഡ്: കുഴിയെണ്ണി മടുക്കും; ഇതുവഴി ദുരിതയാത്ര

നേമം : കരമന-കളിയിക്കാവിള ദേശീയപാതയിൽനിന്നു തിരിഞ്ഞ് പ്രാവച്ചമ്പലം പൊറ്റവിള റോഡിലേക്കു കയറിയാൽ റോഡിലെ കുഴിയെണ്ണി മടുക്കും. ഒരുവർഷത്തിനിടെ അത്രത്തോളം കുഴികളാണ് ഈ റോഡിൽ രൂപപ്പെട്ടത്. ടാറും മെറ്റലുമിളകി കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ വരാതെയായി. രോഗികളെപ്പോലും ഈ റോഡിലൂടെ കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. മഴയത്ത് കുഴിയിൽവീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായി.
വെള്ളായണി- ചെറുബാലമന്ദം റോഡിൽ നവീകരണങ്ങളുടെ ഭാഗമായി പ്രാവച്ചമ്പലംവരെ പണിക്ക് എം.വിൻസെന്റ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ച് കുറേഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും പിന്നീട് മുടങ്ങി. ചെറുബാലമന്ദം-ശാന്തിവിള, ചെറുബാലമന്ദം-വെള്ളായണിക്ഷേത്രം, ചെറുബാലമന്ദം-ഊക്കോട്, പ്രാവച്ചമ്പലം-മാർ ഗ്രിഗോറിയസ് സ്കൂൾ റോഡ് എന്നീ റോഡുകൾ ഒരുമിക്കുന്ന നാല് കിലോമീറ്ററാണ് ശോചനീയാവസ്ഥയിലുള്ളത്.
രണ്ടുവർഷം മുൻപ് വിൻസെന്റ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ എത്താത്തതിനാൽ നീണ്ടുപോയി. യാത്രചെയ്ത് നാട്ടുകാരുടെ നടുവൊടിയുന്നതല്ലാതെ മുടങ്ങിയ പണിയെന്നുതുടങ്ങുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
വെള്ളായണി ക്ഷേത്രത്തിൽനിന്ന് പ്രാവച്ചമ്പലം വഴി ദേശീയപാതയിൽ പ്രവേശിക്കാനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്. നാല് റെസിഡെൻസ് അസോസിയേഷനുകളുടെ പരിധിയിൽവരുന്നതാണ് ഈ റോഡ്.
റോഡിന്റെ ഈ അവസ്ഥകാരണം സ്കൂൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാൽനടപോലും അസാധ്യമായി. പലതവണ അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാരായ എൻ.രാമചന്ദ്രനും എൻ.മനോഹരനും പറഞ്ഞു.