ചുള്ളിമാനൂരിൽ മണ്ണിടിച്ചിൽ, റോഡ് ഇടിഞ്ഞുതാഴുന്നു

ആനാട് : തെങ്കാശിപ്പാതയിൽ മണ്ണിടിച്ചിലും റോഡ് ഇടിഞ്ഞുതാഴുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. ആനാട് ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂലയ്ക്കു സമീപമാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. റോഡിന്റെ ഒരുവശത്ത് മൂന്ന് ഇടങ്ങളിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇതിന് തൊട്ടുമുകളിലായി റോഡിന്റെ വലതുഭാഗത്ത് മണ്ണിടിച്ചിലും രൂക്ഷമാണ്.

മുൻപ്‌ പെയ്ത മഴയിലാണ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഇവിടെ പൊതുമരാമത്ത് അപകടസൂചന ബോർഡുകളോ സംരക്ഷണവേലിയോ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും അധികം അപകടത്തിൽപ്പെടാൻ സാധ്യതയുള്ളത്. രാത്രികാലങ്ങളിൽ റോഡിന്റെ അപകടമറിയാതെ വന്നുപെടുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടുന്നു. ഇതിന് എതിർഭാഗത്ത് കുന്നിടിഞ്ഞ് റോഡിലേക്കു വീഴുന്നതും അപകടങ്ങൾക്ക്‌ കാരണമാകുന്നുണ്ട്. കുറുപുഴയ്ക്കുസമീപം വഞ്ചുവത്തും സ്ഥിതിയിതാണ്‌.

ഓരോമാസവും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ആനാട് കുടിവെള്ള പദ്ധതിക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയുടെ വശങ്ങളിൽ എടുത്ത വലിയ കുഴികൾ ഇപ്പോൾ അപകടക്കുഴിയായി.

കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ടപ്പാതയിൽ ചുള്ളിമാനൂരിനും മടത്തറയ്ക്കും ഇടയിൽ അപകടങ്ങൾക്കു കാരണമാകുന്നു. എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങളെ കാണാൻകഴിയാത്ത തരത്തിലാണ് വളവുകൾ. ഡ്രൈവറുടെ ശ്രദ്ധ അല്പമൊന്നു പാളിയാൽ അപകടം ഉറപ്പ്. റോഡിന്റെ ഇരുവശവും പടർന്ന് പന്തലിച്ചുകിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ മറ്റൊരു പേടിസ്വപ്നം. ഇറക്കത്തിൽ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണംതെറ്റും. കയറ്റം കയറുന്ന വാഹനവുമായി ഇടിക്കുകയാണ് പതിവ്. ഇത്തരത്തിൽ മഞ്ഞക്കോട്ടുമൂലയിൽ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്‌.

അപകടഭീഷണിയായി മണ്ണിടിച്ചിൽ

ചുള്ളിമാനൂർമുതൽ ഇളവട്ടംവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൂറ്റൻ മൺകൂനകൾ ഇടിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് മണ്ണടിച്ചിലിന് കാരണം. 30 അടിയിലേറെ പൊക്കമുള്ള കുന്നുകളാണ് ഇടിഞ്ഞ് റോഡിലേക്കു വീഴുന്നത്. കൊച്ചാട്ടുകാൽ മുതൽ വഞ്ചുവംവരെയുള്ള പ്രദേശത്ത് എട്ടിലധികം സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞുവീണത്. മഞ്ഞക്കോട്ടുമൂലയിലാണ് ഏറ്റവും അധികം അപകടകരമായ സ്ഥിതി. ഇവിടെ അഞ്ചിടങ്ങളിൽ മൺതിട്ട ഇടിഞ്ഞു വീഴുന്നുണ്ട്.